ആതിഥേയരായ ഖത്തറും, ഇക്വഡോറും തമ്മിൽ നടന്ന ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ ഇക്വഡോർ വിജയികളായി. 2022 നവംബർ 20-ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഇക്വഡോർ എതിരില്ലാത്ത രണ്ട് ഗോളിന് ഖത്തറിനെ തോൽപ്പിച്ചു.
ഇക്വഡോർ നായകൻ എന്നർ വലൻസിയയാണ് രണ്ട് ഗോളുകളും നേടിയത്.
മത്സരത്തിന്റെ പതിനാറാം മിനിറ്റിൽ പെനാൽറ്റിയിലൂടെയും, മുപ്പത്തൊന്നാം മിനിറ്റിൽ ഉജ്ജ്വലമായ ഒരു ഹെഡറിലൂടെയും എന്നർ വലൻസിയ ഖത്തർ ഗോൾവല കീഴടക്കി.
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ അദ്ദേഹം ഒരു ഗോൾ നേടിയിരുന്നെങ്കിലും റഫറി (വീഡിയോ അസിസ്റ്റന്റ് റഫറി സാങ്കേതികവിദ്യയാൽ) ഓഫ്സൈഡ് വിധിക്കുകയായിരുന്നു.
എന്നർ വലൻസിയയാണ് കളിയിലെ താരം.
മത്സരത്തിലുടനീളം ഇക്വഡോർ ആധിപത്യം പുലർത്തി. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ആതിഥേയ രാജ്യം ഉദ്ഘാടന മത്സരത്തിൽ പരാജയപ്പെടുന്നത്.
ഉദ്ഘാടന മത്സരം കാണുന്നതിനായി 67372 കാണികളാണ് അൽ ബൈത് സ്റ്റേഡിയത്തിലെത്തിയത്.