സർക്കാർ നിർദ്ദേശം പ്രാവർത്തികമായി; കെ.എസ്.ഡി.പിയുടെ സാനിറ്റൈസർ എത്തിത്തുടങ്ങി

Kerala News

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ സാനിറ്റൈസറിന്റെ ലഭ്യതക്കുറവും അമിതവിലയും നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ പാതിരപ്പള്ളി കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച സാനിട്ടൈസർ ലഭ്യമാക്കിത്തുടങ്ങി. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് ഉത്പാദനം ആരംഭിച്ചത്.

വൈറസ് പരക്കുന്നതിൽനിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിന് വിപുലമായ ഒരുക്കങ്ങൾ സർക്കാർ നടത്തുന്നതിന്റെ ഭാഗമാണിതെന്ന് ചെയർമാൻ സി.ബി. ചന്ദ്രബാബു അറിയിച്ചു.

കൈകൾ വൃത്തിയായി സൂക്ഷിക്കാനുള്ള സാനിറ്റൈസർ വിപണിയിൽ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് കെ.എസ്.ഡി.പി സാനിറ്റൈസർ ഉല്പാദനം ആരംഭിച്ചത്. ലോകാരോഗ്യ സംഘടന നിഷ്‌കർഷിച്ചിട്ടുള്ള ഫോർമുല അടിസ്ഥാനപ്പെടുത്തി സാനിറ്റൈസർ ഉല്പാദനം വെളളിയാഴ്ചയാണ് തുടങ്ങിയത്. ഇതിനകം അരലിറ്ററിന്റെ 2,000 യൂണിറ്റ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കെ.എം.എസ്.സി.എൽ മുഖേനെ എത്തിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഒരു ലക്ഷം യൂണിറ്റ് ഉല്പാദിപ്പിച്ച് നൽകാനാണ് കെ.എസ്.ഡി.പി ശ്രമിക്കുന്നത്. 24 മണിക്കൂർ ഉല്പാദനം വഴി ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷ്യം കൈവരിക്കാൻ ആകുമെന്നാണ് കരുതുന്നത്.

വിപണിയിൽ അരലിറ്റർ യൂണിറ്റിന് 500 രൂപയിലധികം വിലവരും. ഇത് കെ.എസ്.ഡി.പി 125 രൂപയ്ക്കാണ് നൽകുന്നത്. കെ.എസ്.ആർ.ടി.സി, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നീ മേഖലകളിൽ നിന്നും സാനിറ്റൈസർ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *