യു എ ഇ: റാഷിദ് റോവറിൽ നിന്നുള്ള ആദ്യ സന്ദേശം ലഭിച്ചതായി MBRSC

GCC News

യു എ ഇ ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായുള്ള റാഷിദ് റോവറിൽ നിന്നുള്ള ആദ്യ സന്ദേശം കൺട്രോൾ റൂമിൽ ലഭിച്ചതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു. 2022 ഡിസംബർ 14-ന് രാത്രിയാണ് MBRSC ഡയറക്ടർ ജനറൽ സലേം അൽ മാരി ഇക്കാര്യം അറിയിച്ചത്.

വിക്ഷേപണത്തിന് ശേഷം മൂന്ന് ദിനങ്ങൾ കഴിഞ്ഞാണ് റാഷിദ് റോവറിൽ നിന്നുള്ള ആദ്യ സന്ദേശം കൺട്രോൾ റൂമിൽ ലഭിച്ചത്. റാഷിദ് റോവറിലെ എല്ലാ സംവിധാനങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും, ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ വിജയത്തിലേക്ക് ഒരു ചുവട് കൂടി അടുത്തതായും സലേം അൽ മാരി കൂട്ടിച്ചേർത്തു.

റാഷിദ് റോവറിൽ നിന്നുള്ള ആദ്യ സന്ദേശം മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ (MBRSC) ലഭിച്ചതായി ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

റാഷിദ് റോവറിനെ വഹിച്ച് കൊണ്ട് പോകുന്ന Hakuto-R M1 എന്ന ലൂണാർ ലാൻഡറിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ഗ്രൗണ്ട് സ്റ്റേഷനിൽ ലഭിച്ചതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) 2022 ഡിസംബർ 11-ന് വൈകീട്ട് 6:47-ന് അറിയിച്ചിരുന്നു.

തുടർന്ന് ലൂണാർ ലാൻഡറിൽ നിന്ന് പകർത്തിയ ആദ്യ ദൃശ്യങ്ങൾ ഗ്രൗണ്ട് സ്റ്റേഷനിൽ ലഭിച്ചതായി ജാപ്പനീസ് കമ്പനിയായ ഐസ്പേസ് അറിയിച്ചിരുന്നു.

അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യത്തിന് തുടക്കം കുറിച്ച്‌ കൊണ്ട് 2022 ഡിസംബർ 11 ഞായറാഴ്ച, യു എ ഇ സമയം രാവിലെ 11.38-ന് റാഷിദ് റോവർ ഫ്ലോറിഡയിലെ കേപ്പ് കാനവേറൽ സ്പേസ് സ്റ്റേഷനിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചിരുന്നു.