കുവൈറ്റ്: ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കി

GCC News

രാജ്യത്തെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയതായി കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇതിന്റെ ഭാഗമായി പബ്ലിക് സെക്യൂരിറ്റി സെക്ടർ, ട്രാഫിക് വകുപ്പ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ദി റെസ്ക്യൂ പോലീസ് എന്നിവർ സംയുക്തമായി രാജ്യവ്യാപകമായി പ്രത്യേക പരിശോധനാ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

ഇത്തരം പരിശോധനകളിൽ, നിയമംലംഘിച്ച് കൊണ്ട്, വലിയ രീതിയിൽ ശബ്ദം പുറപ്പെടുവിക്കുന്ന എക്സ്ഹോസ്റ്റ് ഉപകരണങ്ങൾ ഘടിപ്പിച്ച 133 വാഹനങ്ങൾക്കെതിരെ അധികൃതർ നിയമനടപടികൾ സ്വീകരിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം 2023 ജനുവരി 14-ന് അറിയിച്ചു.

ഈ പരിശോധനകളുടെ ഭാഗമായി 71 കാറുകളും, 4 മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. രാജ്യവ്യാപകമായി നടത്തിയ ട്രാഫിക് പരിശോധനകളിൽ 3216 പേർക്ക് മുന്നറിയിപ്പ് നൽകിയതായും, 350 വാഹനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതായും കുവൈറ്റ് അധികൃതർ വ്യക്തമാക്കി.

ട്രാഫിക് നിയമങ്ങൾ ലംഘിച്ച പ്രായപൂർത്തിയാകാത്ത രണ്ട് പേർക്കെതിരെ ജുവനൈൽ പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. അമിതവേഗം ഉൾപ്പടെയുള്ള നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ, പൊതുജനങ്ങൾക്ക് 112 എന്ന നമ്പർ ഉപയോഗിച്ചോ, 99324092 എന്ന വാട്സ്ആപ്പ് നമ്പർ ഉപയോഗിച്ചോ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.