ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് 2024-ൽ കുവൈറ്റിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഗൾഫ് ഫെഡറേഷൻ ഓഫ് അറേബ്യൻ ഗൾഫ് കപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2023 ജനുവരി 15-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാഖിലെ ബസ്രയിൽ വെച്ച് നടക്കുന്ന ഇരുപത്തഞ്ചാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഭാഗമായി 2023 ജനുവരി 15, ഞായറാഴ്ച നടന്ന ഒരു പ്രത്യേക പത്ര സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അറബ് ഗൾഫ് കപ്പ് ഫുട്ബാൾ ഫെഡറേഷൻ പ്രസിഡണ്ട് H.E. ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് അൽ താനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
2024 ഡിസംബറിലാണ് ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് നടക്കുന്നത്. ഇരുപത്തിമൂന്നാമത് (2017-18) അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് കുവൈറ്റിൽ വെച്ചാണ് സംഘടിപ്പിച്ചിരുന്നത്.
ഇതിന് മുൻപ് നാല് തവണ കുവൈറ്റ് ഈ ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഈ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കപ്പ് ഉയർത്തിയിട്ടുള്ളതും കുവൈറ്റാണ്. 1970, 1972, 1974, 1976, 1982, 1986, 1990, 1996, 1998, 2010 എന്നീ വർഷങ്ങളിലായി പത്ത് തവണയാണ് കുവൈറ്റ് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ചാമ്പ്യന്മാരായിട്ടുള്ളത്.
ഇരുപത്തഞ്ചാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ സെമി ഫൈനലിൽ ഇന്ന് (2023 ജനുവരി 16) ഇറാഖ് ഖത്തറുമായും, ബഹ്റൈൻ ഒമാനുമായും ഏറ്റുമുട്ടുന്നതാണ്.
Cover Image: Oman News Agency.