ലോക വ്യാപകമായി കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യവുമായി സാമൂഹ്യ സുരക്ഷാ വകുപ്പ് തുടക്കംകുറിച്ച ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന് കേരളത്തിൽ വൻ സ്വീകാര്യത. വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറയ്ക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്.
മുഖ്യമന്ത്രിയുടെ അഭ്യർത്ഥനപ്രകാരം മന്ത്രിമാരും ജനപ്രതിനിധികളും വിവിധ മേഖലകളിലുള്ളവരും ക്യാമ്പയിൻ ഏറ്റെടുക്കുകയായിരുന്നു. സിനിമാതാരങ്ങളായ മമ്മൂട്ടി, മഞ്ജു വാര്യർ, ടോവിനോ തോമസ്, ജയറാം, സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബൻ, അനുശ്രീ, ഐശ്വര്യ ലക്ഷ്മി, രഞ്ജി പണിക്കർ, വിനീത് ശ്രീനിവാസൻ, സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, മജീഷ്യൻ ഗോപിനാഥ് മുതുകാട് തുടങ്ങിയവരാണ് ക്യാമ്പയിന്റെ ഭാഗമായത്. മാധ്യമ പ്രവർത്തകർ, കുടുംബശ്രീ, വിദ്യാർത്ഥി-യുവജന സംഘടനകൾ, എൻ.എസ്.എസ്., സർവീസ് സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയവരെല്ലാം ക്യാമ്പയിൻ ഏറ്റെടുത്തിട്ടുണ്ട്.
ബ്രേക്ക് ദ ചെയിനിന്റെ ഭാഗമായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേർന്ന് കിയോസ്‌കുകൾ സ്ഥാപിച്ച് വരികയാണ്. സെക്രട്ടേറിയറ്റിലും കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ ഇടയിലും വലിയ സ്വീകാര്യതയാണ് ക്യാമ്പയിന് ലഭിക്കുന്നത്.