ഒമാൻ: ഖോർ ഖർഫൂത് ആർക്കിയോളജിക്കൽ റിസർവിലേക്ക് മുൻ‌കൂർ അനുമതി കൂടാതെയുള്ള പ്രവേശനം നിരോധിച്ചു

GCC News

ദോഫാർ ഗവർണറേറ്റിലെ ഖോർ ഖർഫൂത് ആർക്കിയോളജിക്കൽ റിസർവിലേക്ക് മുൻ‌കൂർ അനുമതി കൂടാതെയുള്ള പ്രവേശനം നിരോധിച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു. 2023 ഫെബ്രുവരി 9-നാണ് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റിയിൽ നിന്നുള്ള മുൻ‌കൂർ പെർമിറ്റുകൾ നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പ്രകൃതി സംരക്ഷിത മേഖലകളുമായി ബന്ധപ്പെട്ട രാജ്യത്തെ നിയമങ്ങൾ പ്രകാരമാണ് ഈ നടപടി.

മുൻ‌കൂർ അനുമതിയില്ലാതെ ഖോർ ഖർഫൂത് ആർക്കിയോളജിക്കൽ റിസർവിലേക്ക് പ്രവേശിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന നിയമലംഘനമാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം പെർമിറ്റുകൾ പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് അനുവദിക്കുന്നതെന്നും, ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻവിറോണ്മെന്റിൽ നിന്നാണ് ഇവ അനുവദിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ദോഫാർ ഗവർണറേറ്റിൽ അറബിക്കടലിന്റെ തീരപ്രദേശത്ത്, റാഖയൂത്, ദാൽഖുത് വിലായത്തുകൾക്കിടയിലാണ് 143.4 സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള ഖോർ ഖർഫൂത് ആർക്കിയോളജിക്കൽ റിസർവ് സ്ഥിതി ചെയ്യുന്നത്. ​​