ഇന്ത്യ, ഫ്രാൻസ് യു എ ഇ എന്നീ രാജ്യങ്ങൾ ഒത്ത്ചേർന്ന് കൊണ്ട് ആരംഭിക്കുന്ന ത്രിരാഷ്ട്ര സഹകരണ സംരംഭത്തിന്റെ ഭാഗമായി യു എ ഇ സാമ്പത്തിക, വാണിജ്യകാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി സയീദ് മുബാറക് അൽ ഹജേരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പാരീസിൽ വെച്ച് ഇരുരാജ്യങ്ങളുമായി ചർച്ചകൾ നടത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ പ്രതിനിധി സംഘം 2023 ഫെബ്രുവരി 6 മുതൽ 8 വരെയാണ് ഫ്രാൻസിൽ ഔദ്യോഗിക സന്ദർശനം നടത്തിയത്. ഇന്ത്യ – യു എ ഇ – ഫ്രാൻസ് ത്രിരാഷ്ട്ര സംരംഭത്തിന്റെ രണ്ടാമത്തെ സാങ്കേതിക യോഗമാണ് പാരീസിൽ വെച്ച് നടന്നത്.
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയും, ഫ്രാൻസിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറി ജനറൽ ആൻ-മേരി ഡെസ്‌കോട്‌സിയും അൽ ഹജേരിയ്ക്കൊപ്പം ഈ യോഗത്തിൽ പങ്കെടുത്തു.
മൂന്ന് രാജ്യങ്ങളും തമ്മിലുള്ള സഹകരണ പദ്ധതികളുടെ വരാനിരിക്കുന്ന നടത്തിപ്പിനെക്കുറിച്ചും, ത്രിരാഷ്ട്ര സഹകരണ രൂപരേഖ സ്വീകരിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
ഇന്ത്യ, ഫ്രാൻസ് യു എ ഇ എന്നീ രാജ്യങ്ങൾ ഒത്ത്ചേർന്ന് കൊണ്ട് ഒരു ത്രിരാഷ്ട്ര സഹകരണ സംരംഭം ആരംഭിക്കുന്നതായി സംയുക്ത പ്രസ്താവനയിലൂടെ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
2023 ഫെബ്രുവരി ആദ്യ വാരത്തിൽ യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തെ തുടർന്നാണ് ഈ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
ഊര്‍ജ്ജഉത്പാദനം, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കൽ തുടങ്ങി വിവിധ മേഖലകളിൽ സഹകരണ പദ്ധതികൾ വിഭാവനം ചെയ്യുന്നതിനും, നടപ്പിലാക്കുന്നതിനും ത്രിരാഷ്ട്ര സഹകരണ സംരംഭം സഹായകമാകുമെന്ന് മൂന്ന് രാജ്യങ്ങളും സ്ഥിരീകരിച്ചിരുന്നു.
WAM