ഇന്ത്യയിൽ നടന്ന G20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ അബ്ദുള്ള ബിൻ സായിദ് പങ്കെടുത്തു

GCC News

ഇന്ത്യയിൽ നടന്ന G20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. അബ്ദുള്ള ബിൻ സായിദ് പങ്കെടുത്തു. 2023 മാർച്ച് 1, 2 തീയതികളിൽ ന്യൂഡൽഹിയിൽ വെച്ചാണ് G20 വിദേശകാര്യ മന്ത്രിമാരുടെ യോഗം നടന്നത്.

G20 യോഗങ്ങളിൽ ഇന്ത്യയുടെ ക്ഷണപ്രകാരം പ്രത്യേക അതിഥി രാജ്യമായാണ് യു എ ഇ പങ്കെടുക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഷെയ്ഖ് അബ്ദുള്ള ബിൻ സായിദിന്റെ നേതൃത്വത്തിലുള്ള ഉന്നത പ്രതിനിധിസംഘം ഇന്ത്യയിലെത്തിയത്.

Source: WAM.

സമൃദ്ധിയും, സുസ്ഥിരവുമായ സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനുള്ള എല്ലാ വികസന പദ്ധതികളിലും മുൻഗണന നൽകുന്ന നിരവധി സുപ്രധാന വിഷയങ്ങളിൽ അന്താരാഷ്ട്ര സഹകരണവും, ബഹുമുഖ പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന G20 യോഗങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് ചൂണ്ടിക്കാട്ടി. യു എ ഇയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരവും ചരിത്രപരവുമായ ബന്ധങ്ങൾ കൂടുതൽ ദൃഢമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

Source: WAM.

ഇന്ത്യൻ G20 അധ്യക്ഷതയിൽ യു എ ഇയുടെ ഭാഗത്ത് നിന്നുള്ള ഉറച്ച പിന്തുണ അദ്ദേഹം പ്രത്യേകം അറിയിക്കുകയും ചെയ്തു. ന്യൂഡൽഹിയിൽ വെച്ച് G20 വിദേശകാര്യ മന്ത്രിമാരുടെ യോഗം സംഘടിപ്പിച്ചതിൽ അദ്ദേഹം ഇന്ത്യയോട് നന്ദി അറിയിച്ചു. ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന G20 യോഗങ്ങൾക്ക് അദ്ദേഹം എല്ലാ ആശംസകളും നേർന്നു.

ഭക്ഷണം, ഊർജം, സുരക്ഷ, വികസന സഹകരണം എന്നീ മേഖലകളെ കുറിച്ചുള്ള ബഹുരാഷ്ട്രവാദത്തെക്കുറിച്ചും, പുതിയതും ഉയർന്നുവരുന്നതുമായ ഭീഷണികളെക്കുറിച്ചുമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്ന രണ്ട് പ്രധാന സമ്മേളനങ്ങളാണ് G20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ നടന്നത്. ബഹുമുഖ പ്രവർത്തനത്തെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, G20 ആഗോള അജണ്ടയിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലെ യുഎഇയുടെ നിർദ്ദേശങ്ങളെക്കുറിച്ചും – 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടി യു എ ഇയിൽ വെച്ച് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും – ആദ്യ സെഷനിൽ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് സംസാരിച്ചു.

തീവ്രവാദവും മയക്കുമരുന്നും ഉൾപ്പെടെയുള്ള പുതിയതും ഉയർന്നുവരുന്നതുമായ ഭീഷണികളിലും, ആഗോള നൈപുണ്യ മാപ്പിംഗ്, ആഗോള ടാലന്റ് പൂളുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് രണ്ടാം സെഷൻ സംഘടിപ്പിച്ചത്. യോഗങ്ങളിൽ യു എ ഇ സഹമന്ത്രി അഹമ്മദ് അലി അൽ സയീഗ്, ഇന്ത്യയിലെ യുഎഇ അംബാസഡർ അബ്ദുൾ നാസർ അൽ ഷാലി എന്നിവർ പങ്കെടുത്തു.

തുടർച്ചയായി രണ്ടാം വർഷമാണ് യു എ ഇ G20-യിൽ അതിഥി രാജ്യമായി പങ്കെടുക്കുന്നത്. 2011-ൽ ഗൾഫ് സഹകരണ കൗൺസിലിന്റെ അധ്യക്ഷനായിരിക്കുമ്പോൾ ഫ്രഞ്ച് അധ്യക്ഷതക്ക് കീഴിയിലായിരുന്നു യു എ ഇ G20-യിൽ അതിഥി രാജ്യമായി ആദ്യമായി പങ്കെടുത്തത്. കഴിഞ്ഞ വർഷം ഇന്തോനേഷ്യയും, ഈ വർഷം ഇന്ത്യയും യു എ ഇയെ അതിഥി രാജ്യമായി G20-യിലേക്ക് ക്ഷണിച്ചു.

G20 യോഗങ്ങളിൽ പങ്കെടുക്കുന്ന നിരവധി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പ്രത്യേക കൂടിക്കാഴ്ചകൾ നടത്തി.

WAM