മാർച്ച് 22 മുതൽ ഇന്ത്യയിലേക്കുള്ള വ്യോമഗതാഗതം നിർത്തിവെക്കുന്നു

India News

കൊറോണാ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 22 മുതൽ രാജ്യത്തേക്കുള്ള വ്യോമഗതാഗതം നിർത്തിവെക്കാൻ ഇന്ത്യ തീരുമാനിച്ചതായി COVID-19 ഉന്നത തല അവലോകന ചർച്ചകൾക്ക് ശേഷം ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാർച്ച് 22, 0531 IST മുതൽ മാർച്ച് 29 0531 IST വരെ ഒരാഴ്ചത്തേക്കാണ് ഇന്ത്യയിലേക്കുള്ള വ്യോമഗതാഗതം നിർത്തിവെക്കുന്നത്.

ഈ കാലാവധിയിൽ ഒരു രാജ്യാന്തര യാത്രാ വിമാനങ്ങൾക്കും ഇന്ത്യൻ എയർപോർട്ടുകളിൽ ഇറങ്ങുന്നതിനു അനുമതി ഉണ്ടായിരിക്കില്ല. സാഹചര്യങ്ങൾക്കനുസരിച്ച് ഈ കാലാവധി നീട്ടാൻ സാധ്യതയുണ്ട്.

മാർച്ച് 19-നു ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മറ്റു കൊറോണാ വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ:

  • 65 വയസ്സിനു മുകളിൽ പ്രായമായവരും, പത്തു വയസിനു താഴെ പ്രായമുള്ള കുട്ടികളും കഴിയുന്നതും വീടുകളിൽ കഴിയുന്നത് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. അടിയന്തിര ഘട്ടങ്ങളിലൊഴികെ ഇവർ പുറത്ത് സഞ്ചരിക്കുന്നത് ഒഴിവാക്കണം. പൊതു പ്രവർത്തകർ, ഗവണ്മെന്റ് ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ എന്നിവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
  • റെയിൽവേ, വിമാനങ്ങൾ എന്നിവയിലെ യാത്രാ ഇളവുകൾ ഒഴിവാക്കാൻ നിർദ്ദേശം. രോഗികൾക്കും, വിദ്യാർത്ഥികൾക്കും ഇത് ബാധകമല്ല.
  • സ്വകാര്യ തൊഴിലിടങ്ങളിൽ വീടുകളിൽ നിന്ന് ജോലി ചെയാനുള്ള നിർദ്ദേശം ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
  • കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ഗ്രൂപ് ബി, സി ജീവനക്കാർക്ക് ഓരോ ആഴ്ചയും മാറി മാറി ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം. കഴിയുന്നതും തൊഴിലിടങ്ങളിലെ തിരക്ക് ഒഴിവാക്കാനാണ് ഈ നടപടി.