കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ ഉൾപ്പടെ എല്ലാ പൊതു ഗതാഗത സംവിധാനങ്ങളും മാർച്ച് 21, ശനിയാഴ്ച്ച മുതൽ രണ്ടാഴ്ച്ചത്തേക്ക് നിർത്തിവെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി സൂചന. ബസുകൾ, ടാക്‌സികൾ, ട്രെയിൻ തുടങ്ങി എല്ലാ പൊതുഗതാഗത സംവിധാനങ്ങളും ശനിയാഴ്ച്ച രാവിലെ 6 മണി മുതൽ 14 ദിവസത്തേക്ക് നിർത്തിവെക്കാനാണ് തീരുമാനം. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പ്രതിരോധ പ്രവത്തനങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.
അടിയന്തിര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വിമാന സർവീസുകളും, സ്വകാര്യ വിമാനങ്ങളും, വകുപ്പിന്റെ പ്രത്യേക അനുമതിയുള്ള വിമാനങ്ങളും ഒഴികെ എല്ലാ വിമാന സർവീസുകളും ശനിയാഴ്ച്ച മുതൽ നിർത്തിവെക്കും. പൊതുഗതാഗതത്തിനു ഉപയോഗിക്കുന്ന എല്ലാ ബസ് സർവീസുകളും ശനിയാഴ്ച രാവിലെ 6 മുതൽ അനുവദിക്കുന്നതല്ല. സർക്കാർ ആവശ്യങ്ങൾക്കുള്ള ബസുകൾ, ആരോഗ്യ സുരക്ഷാ ആവശ്യങ്ങൾക്കുള്ള ബസുകൾ, ജീവനക്കാരുടെ യാത്രയ്ക്കായി സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ബസുകൾ എന്നിവയ്ക്ക് ഈ നിയന്ത്രണം ബാധകമല്ല.
റിയാദ്-ദമ്മാം, റിയാദ്-ജൗഫ് മുതലായ ട്രെയിൻ സർവീസുകളും ഈ കാലാവധിയിൽ നിർത്തിവെക്കും. പ്രത്യേക ആവശ്യങ്ങൾക്ക് ആയി അനുമതി ഉള്ളതും, എയർപോർട്ട് ആവശ്യങ്ങൾക്കായി ഉള്ളതുമായ ടാക്‌സികൾ ഒഴികെ ഈ രംഗത്തെ വാഹനങ്ങൾക്കും രണ്ടാഴ്ചത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വിലക്കുകൾ പ്രാവർത്തികമാക്കാൻ സുരക്ഷാ വിഭാഗങ്ങളുടെ പ്രത്യേക പരിശോധനാ നടപടികൾ ഉണ്ടായിരിക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.