മക്കയിലെ ഗ്രാൻഡ് മോസ്ക്, മദീനയിലെ പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിലെത്തുന്ന മുഴുവൻ സന്ദർശകരും ഈ പുണ്യസ്ഥലങ്ങളുടെ പരിശുദ്ധി നഷ്ടപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും, ഫോട്ടോ എടുക്കുന്നത് ഉൾപ്പടെയുള്ള പ്രവർത്തികൾ പരിമിതപ്പെടുത്താനും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ആഹ്വാനം ചെയ്തു. 2023 മാർച്ച് 25-നാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇത്തരം ഇടങ്ങളിലെത്തുന്ന സന്ദർശകരുടെ ശ്രദ്ധ പ്രാർത്ഥനകളിലായിരിക്കണമെന്നും, ഫോട്ടോ എടുക്കുന്നത് ഉൾപ്പടെയുള്ള മനസിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന പ്രവർത്തികൾ പരിമിതപ്പെടുത്തണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു. ഇത്തരം ഇടങ്ങളിൽ ഫോട്ടോ എടുക്കുന്ന അവസരങ്ങളിൽ ധാര്‍മ്മികമായ മൂല്യങ്ങൾ അനുസരിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഫോട്ടോ എടുക്കുന്ന അവസരത്തിൽ മറ്റുള്ളവരുടെ ചിത്രം, അവരുടെ അനുവാദമില്ലാതെ പകർത്തുന്നത് അനുവദനീയമല്ലെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി. ഫോട്ടോയ്ക്കായി ആളുകൾ കൂട്ടം കൂടിനിൽക്കുന്നത് ഉൾപ്പടെയുള്ള ആൾത്തിരക്ക് ഉണ്ടാകുന്നതും, മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതുമായ പ്രവർത്തികൾ ഒഴിവാക്കാനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.