മാർച്ച് 22-ന് ഇന്ത്യയിൽ ജനത കർഫ്യു

Editorial

മാർച്ച് 22-നു ഇന്ത്യയിലെ മുഴുവൻ ജനങ്ങളോടും കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, അതിനെ പ്രതിരോധിക്കുന്നതിനായി, രാവിലെ മുതൽ വൈകീട്ട് വരെ വീടുകളിൽ കഴിയാനും പൊതു സ്ഥലങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും വേണ്ടി സ്വയമായി ‘ജനതാ കർഫ്യു’ നടപ്പിലാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുകയാണ്.

കർഫ്യു എന്ന പദം കേൾക്കുമ്പോൾ തന്നെ നെറ്റി ചുളിക്കുന്ന നമുക്ക് മുന്നിലേയ്ക്ക് മാർച്ച് 22-നു ജനത കർഫ്യു എത്തുന്നു. എന്താണ് സത്യത്തിൽ കർഫ്യു? ഏതെങ്കിലും അടിയന്തിര സാഹചര്യങ്ങളിൽ കുറച്ചു മണിക്കൂറുകൾ ഒരു രാജ്യത്തെ പൗരന്മാർ അവരവരുടെ വീടുകളിൽ തന്നെ കഴിഞ്ഞുകൂടുക എന്ന പ്രക്രിയയ്ക്കാണ് കർഫ്യു എന്ന് പറയുന്നത്.

നാം ഈ പദം പലപ്പോഴും ലഹളകളുമായും, യുദ്ധ സന്ദർഭങ്ങളുമായും ബന്ധപ്പെട്ടാണ് കേട്ട് പരിചയിച്ചിട്ടുള്ളത്. എന്നാൽ പല വിദേശ രാജ്യങ്ങളും ഇതിനോടകം തന്നെ ഈ വൈറസ് പകർച്ചയെ പ്രതിരോധിക്കാൻ ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. പ്യൂർട്ടോ റിക്കോയിലും, അമേരിക്കയിലെ കാലിഫോർണിയ, സൗത്ത് കരോലിന എന്നിവിടങ്ങളിലും വൈറസ് ബാധയെ ചെറുക്കാൻ ഈ സംവിധാനം അവലംബിച്ചിട്ടുണ്ട്.

ലോകത്തെ പല ഭാഗങ്ങളിലും 65 വയസ്സിനു മുകളിലുള്ളവരും, 10 വയസ്സിനു താഴെയുള്ളവരും പൊതു നിരത്തുകളിൽ ഇറങ്ങുന്നതും, പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതും കർശനമായി വിലക്കിയിരിക്കുന്നു. പ്യൂർട്ടോ റിക്കോ രാവിലെ 9 മണിമുതൽ 6 മണിവരെ പൊതുജനങ്ങൾക്കായി കർഫ്യുവും, അവശ്യ ബിസിനസ്സുകൾ അല്ലാത്തവ അടച്ചിടാൻ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു.

എന്തായിരിക്കാം ഈ നീക്കത്തിന്റെ പുറകിലുള്ളത്?

ഇന്നലെ ലോകാരോഗ്യസംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ഡയറക്ടർ ജനറൽ ഡോ. റ്റെഡ്റോസ് അധാനോം ലോകജനതയ്ക്ക് മുന്നിൽ തുറന്നു പറയുന്നു “നമുക്ക് മുന്നിൽ COVID-19 എന്ന വൈറസ് ഉത്തരമില്ലാത്ത ഒരു വിപത്തായി നിൽക്കുന്നു, എന്നാൽ ഇത് ഒത്തുചേരലിനുള്ള സമയമാണ്, മനുഷ്യരാശിക്ക് അപകടകരമായി മാറിയ ഒരു പൊതുശത്രുവിനെ നാം ഒറ്റകെട്ടായി ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്.” ഈ വാക്യങ്ങൾ ലോകത്തിനു മുന്നിൽ നിലനിൽക്കുന്ന ആശങ്കയെ തുറന്നു കാട്ടുന്നു എങ്കിലും ലോകാരോഗ്യ സംഘടനയുടെയും, രാജ്യങ്ങളുടെ ഒത്തു ചേർന്നുള്ള സുരക്ഷാ നീക്കങ്ങളും നമുക്ക് പ്രതീക്ഷയേകുന്നവയായി കാണക്കാക്കാം.

പൊതുവെ നാം ഭാരതീയർ നിബന്ധനകളെയും, ചെയ്യരുത് എന്ന സ്വരത്തെ വൈകാരികമായി എടുത്ത് ചർച്ചയിലൂടെയും എതിർപ്പ് പ്രകടിപ്പിക്കലിലൂടെയും കടന്നുപോകുന്നവരാണ്. ആ നമ്മുടെ മുന്നിൽ ഈ കർഫ്യു എന്ന പദവും നമ്മുടെ ചിന്തയെ വൈകാരികമായി സ്പർശിക്കുന്ന ഒന്നാണ്. എന്നാൽ ഇത് രാഷ്ട്രീയത്തിന് ഉപരിയായി മനുഷ്യരാശിയുടെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടമാണ്. ആ പോരാട്ടത്തിൽ നമുക്ക് മുന്നിൽ നിൽക്കുന്നത് ഡോക്ടർമാരും, ആരോഗ്യ വകുപ്പ് തലവന്മാരും ആണ്. ഈ ഘട്ടത്തിൽ അവരും ഈ വൈറസിനെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്.

ലോകാരോഗ്യ സംഘടന പുറത്തിറക്കിയ ചോദ്യോത്തരങ്ങളിൽ “COVID-19 എന്ന ഈ വൈറസ് എത്ര നേരം പ്രതലങ്ങളിൽ അവശേഷിക്കും അല്ലങ്കിൽ നിലനിൽക്കും? ” എന്ന ഒരു ചോദ്യത്തിന് “ചിലപ്പോൾ മണിക്കൂറുകളോ, ചിലപ്പോൾ ദിവസങ്ങളോ നിലനില്ക്കാം “. എന്ന മറുപടിയാണ് നല്കിയിരിക്കുന്നത്. പലരാജ്യങ്ങളിലെയും വിദഗ്ധരായ ഡോക്ടർമാർ ഈ ചോദ്യം കേട്ട ശേഷം ആയിരിക്കാം ഈ ഉത്തരത്തിൽ അവർ എത്തിച്ചേർന്നത്. അത് കൊണ്ട് നമുക്കറിയില്ല എന്ന് പറയുന്നതിൽ ആരും ജാള്യത വിചാരിക്കേണ്ട.

ഇതിനെ കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നേയുള്ളു, അതിനാൽ അവധി ദിവസം പുറത്തിറങ്ങാതിരുന്നാൽ COVID-19 പിടിക്കാതിരിക്കുമോ എന്ന ചോദ്യത്തിന്, അതിലെ രാഷ്ട്രീയത്തിന് മറുപടി പറയാൻ അറിവില്ല, പക്ഷെ അതിലെ യുക്തി ഇതായിരിക്കാം. ഒരവധി ദിവസം നമ്മൾ പരിപൂർണ്ണമായി ആളുകൾ തമ്മിൽ തമ്മിലുള്ള സമ്പർക്കങ്ങളും, 3 അടി ദൂര സിദ്ധാന്തവും നടപ്പിലാക്കിയാൽ ഇതിന്റെ വ്യാപനത്തിന് ചുരുങ്ങിയത് 12 മണിക്കൂറിൽ കൂടുതൽ ദൈർഘ്യം ലഭിക്കുന്നു. ഈ ദൈർഘ്യം ഇതിന്റെ ചങ്ങല പ്രക്രിയ മുറിയുന്നതിനു സഹായകമാകുകയും ക്രമേണ ഈ വൈറസ് പകർച്ച കുറയുകയും ചെയ്യുന്നു എങ്കിൽ ഇത് തീർച്ചയായും നടപ്പിലാക്കി നോക്കാവുന്നതാണ്. ഒറ്റപ്പെടുത്തുക അല്ലങ്കിൽ ഐസൊലേഷൻ എന്ന പ്രക്രിയയാണ് ഇപ്പോൾ നമുക്ക് മുന്നിൽ ഈ വൈറസിനെ പ്രതിരോധിക്കാനുള്ള ഏക പോംവഴി. ഇതിൽ നിന്നും കരകയറി വരുന്ന ചൈനയും പ്രധാനമായും അവലംബിച്ചു വന്ന സുരക്ഷാ സംവിധാനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു ഐസൊലേഷൻ എന്ന സുരക്ഷാ പ്രക്രിയ.

സുരക്ഷ ഉറപ്പാക്കാം, അകലം പാലിക്കാം… എല്ലാവരും ആരോഗ്യം വീണ്ടെടുത്തതിന് ശേഷം പഴയപോലെ വാർത്താ തർക്കങ്ങൾക്ക് സമയം കണ്ടെത്തിക്കോളൂ. ഇപ്പോൾ നിർബന്ധമായും ശുചിത്വം പാലിക്കുക. നിങ്ങൾക്ക് രോഗം വാരാതിരിക്കുന്നത് പോലെ തന്നെ പ്രധാനമാണ് നിങ്ങളിൽ നിന്ന് മറ്റൊരാൾക്ക് പകരാതിരിക്കുക എന്നതും.

1 thought on “മാർച്ച് 22-ന് ഇന്ത്യയിൽ ജനത കർഫ്യു

Leave a Reply

Your email address will not be published. Required fields are marked *