ഖത്തർ: മാർബർഗ് വൈറസ് രോഗസാഹചര്യങ്ങൾ നിരീക്ഷിച്ച് വരുന്നതായി ആരോഗ്യ മന്ത്രാലയം

GCC News

ആഗോളതലത്തിലും, പ്രാദേശികതലത്തിലുമുള്ള മാർബർഗ് വൈറസ് രോഗബാധ സംബന്ധിച്ച സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ച് വരുന്നതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഏപ്രിൽ 4-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് മാർബർഗ് വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വൈറസ്ബാധ സംബന്ധിച്ച് പ്രാദേശിക, അന്തര്‍ദേശീയ ഏജൻസികളുമായി സഹകരിച്ച് കൊണ്ട് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെയുള്ള ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ഖത്തർ പൗരന്മാരോടും, പ്രവാസികളോടും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. മാറ്റിവെക്കാനാകാത്ത കാരണങ്ങളാൽ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ, ഇരു രാജ്യങ്ങളിലെയും പ്രാദേശിക ആരോഗ്യ അധികൃതർ നൽകുന്ന മുൻകരുതൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ച ശേഷം ഖത്തറിലെത്തുന്ന യാത്രികർ, 21 ദിവസം വരെ സ്വയം നിരീക്ഷിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇവർ പനി, തലവേദന, പേശിവേദന, വയറിളക്കം, ഛർദ്ദി, തൊലിപ്പുറത്തെ തടിപ്പ് മുതലായ രോഗലക്ഷണങ്ങൾ പ്രകടമാകുന്ന അവസരത്തിൽ സ്വയം ഐസൊലേഷനിൽ തുടരണമെന്നും, 16000 എന്ന നമ്പറിൽ രോഗവിവരം ധരിപ്പിക്കണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Cover Image: Qatar MoI.