സൗദിയിൽ 70 പേർക്ക് കൂടി COVID-19 കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച്ച രാത്രി അറിയിച്ചു. ഇതോടെ സൗദിയിൽ ആകെ കൊറോണാ വൈറസ് ബാധിച്ചവരുടെ എണ്ണം 344 ആയി.
വെള്ളിയാഴ്ച്ച രോഗം സ്ഥിരീകരിച്ചവരിൽ 11 പേർ മൊറോക്കോ, ഇന്ത്യ, ജോർദാൻ, ഫിലിപ്പീൻസ്, ബ്രിട്ടൺ, യു എ ഇ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇവരെ എയർപോർട്ടിൽ നിന്ന് തന്നെ നേരിട്ട് ഐസൊലേഷനിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബാക്കിയുള്ള 58 പേർ നിലവിൽ രോഗം സ്ഥിരീകരിച്ചവരുമായി കുടുംബ സദസ്സുകളിലും, വിവാഹ ചടങ്ങുകളിലും മറ്റുമായി ഇടപഴകിയവരാണ്. റിയാദിൽ 49 പേരും, ജിദ്ദയിൽ 11 പേരും, മക്കയിൽ 2 പേരും, മദീന, ദമ്മാം, ദഹ്റാൻ, ഖാതിഫ്, അൽ ബഹ, തബുക്, ബിഷ, ഹാഫ്ർ അൽ-ബതീൻ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് രോഗ ബാധിതരായത്.
സൗദിയിൽ ഇതുവരെ 8 പേർ രോഗ ബാധിതരായ ശേഷം പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. പൊതു ചടങ്ങുകൾ ഒഴിവാക്കാനും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും ജനങ്ങളോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.