COVID-19 പ്രതിരോധത്തിന്റെ ഭാഗമായി കുവൈറ്റിൽ ഞായറാഴ്ച്ച വൈകീട്ട് 5 മണി മുതൽ തിങ്കളാഴ്ച്ച പുലർച്ചെ 4 മണിവരെ കർഫ്യു ഏർപ്പെടുത്തിയതായി സർക്കാർ അറിയിച്ചു. ആരോഗ്യമന്ത്രാലയം നൽകിയ വീടുകളിൽ തുടരാനുള്ള നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച്ച വരുത്തിയതിനെത്തുടർന്നാണ് ഈ നടപടി എന്നാണ് ചില സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചനകൾ. ഇതിനെത്തുടർന്നാണ് ഞായറാഴ്ച്ച 11 മണിക്കൂർ കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചത്.
അടിയന്തിര സേവനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക ഐഡി കാർഡുകൾ നൽകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മാർച്ച് 26 വരെ സ്വകാര്യ കമ്പനികൾക്കും സർക്കാർ മേഖലയിലും നൽകിയിരുന്ന അവധി 2 ആഴ്ച്ച കൂടി നീട്ടിനൽകിയതായും അറിയിച്ചിട്ടുണ്ട്.
കുവൈറ്റിൽ ശനിയാഴ്ച്ച 17 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയിരുന്നു. ഇതോടെ കുവൈറ്റിൽ രോഗബാധിതരുടെ എണ്ണം 176 ആയി.