ഒമാൻ: പ്രവാസികളുടെ റെസിഡെൻസിയുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനകളുടെ റിപ്പോർട്ടുകൾ ലഭ്യമാക്കുന്നതിനായി പുതിയ സംവിധാനം

Oman

പ്രവാസികളുടെ റെസിഡെൻസി കാർഡുകൾ നേടുന്നതുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനകളുടെ റിപ്പോർട്ടുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള ഒരു പുതിയ സംവിധാനം പ്രയോഗക്ഷമമാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റെസിഡൻസി കാർഡുകൾ പുതുക്കുന്നതിനും, പുതിയ റെസിഡൻസി കാർഡുകൾ, വിസകൾ എന്നിവ ലഭിക്കുന്നതിനും ആവശ്യമായ മെഡിക്കൽ പരിശോധനകളുടെ റിസൾട്ട് അടങ്ങിയ റിപ്പോർട്ടുകൾ പ്രവാസികൾക്കും, കമ്പനികൾക്കും എളുപ്പത്തിൽ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ സംവിധാനം ആരംഭിച്ചിരിക്കുന്നത്. റോയൽ ഒമാൻ പോലീസുമായി സഹകരിച്ചാണ് മന്ത്രാലയം ഇക്കാര്യം നടപ്പിലാക്കുന്നത്.

ഇത്തരം നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനും, ഇതുമായി ബന്ധപ്പെട്ട വ്യാജ റിപ്പോർട്ടുകൾ കുറയ്ക്കുന്നതിനും, സമയലാഭം ഉറപ്പാക്കുന്നതിനുമായാണ് ഈ സംവിധാനം ആരംഭിച്ചിരിക്കുന്നത്. റോയൽ ഒമാൻ പോലീസ് സംവിധാനങ്ങളുമായി ഇലക്ട്രോണിക് മാർഗങ്ങളിലൂടെ ബന്ധിപ്പിച്ച് കൊണ്ടാണ് ഇത്തരം മെഡിക്കൽ റിപ്പോർട്ടുകൾ നൽകുന്നത്.

വിദേശ തൊഴിലാളികളെ നിയമിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവർക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. റെസിഡൻസി കാർഡുകൾ നേടുന്നതിനും, അവ പുതുക്കുന്നതിനും ആവശ്യമായ മെഡിക്കൽ പരിശോധനകൾ, ഹെൽത്ത് കാർഡ് നേടുന്നതിനും/ പുതുക്കുന്നതിനും ആവശ്യമായ മെഡിക്കൽ പരിശോധനകൾ, സ്റ്റഡി വിസയുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനകൾ, ഫാമിലി എൻട്രി വിസയുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനകൾ തുടങ്ങിയവയ്ക്ക് ഈ സംവിധാനം ഉപയോഗിക്കുന്നതാണ്.