അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗത്തിൽ ഒരു വർഷത്തിനിടയിൽ 95 ശതമാനം കുറവ് രേഖപ്പെടുത്തി

GCC News

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനുള്ള നയത്തിന്റെ ഭാഗമായി എമിറേറ്റിൽ ഒരു വർഷത്തിനിടയിൽ ഇത്തരം ബാഗുകളുടെ ഉപയോഗത്തിൽ 95 ശതമാനം കുറവ് രേഖപ്പെടുത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി അറിയിച്ചു. 2023 ജൂൺ 6-നാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് അബുദാബി എൻവിറോണ്മെന്റ് ഏജൻസി ഏർപ്പെടുത്തിയിട്ടുള്ള നിരോധനം 2022 ജൂൺ 1 മുതൽ എമിറേറ്റിൽ പ്രാബല്യത്തിൽ വന്നിരുന്നു. ഇതിന് ശേഷം ഈ നിരോധനത്തിന്റെ ഭാഗമായി ഏതാണ്ട് 172 മില്യൺ ഇത്തരം പ്ലാസ്റ്റിക് ബാഗുകൾ പരിസ്ഥിതിയിലേക്ക് പുറന്തള്ളുന്നത് ഒഴിവാക്കാനായതായി ഏജൻസി വ്യക്തമാക്കി.

ഈ നയത്തിലൂടെ 2022 ജൂൺ 1 മുതൽക്കുള്ള കാലയളവിൽ പ്രതിദിനം നാലരലക്ഷത്തോളം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കാനായി എന്ന കണക്ക് ഈ തീരുമാനത്തിന്റെ പ്രാധാന്യം എടുത്ത് കാട്ടുന്നു.

അബുദാബിയിൽ സുസ്ഥിര ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പടിപടിയായി ഒഴിവാക്കുന്ന നയത്തിന്റെ ഭാഗമായാണ് ഇത്തരം ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

Cover Image: Abu Dhabi Media Office.