ബിപാർജോയ് ചുഴലിക്കാറ്റ് യു എ ഇയെ ബാധിക്കാൻ സാധ്യതയില്ലെന്ന് NCM

GCC News

അറബിക്കടലിന് തെക്ക് ദിശയിൽ രൂപം കൊണ്ടിട്ടുള്ള ബിപാർജോയ് ചുഴലിക്കാറ്റ് യു എ ഇയെ ബാധിക്കാൻ സാധ്യതയില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. 2023 ജൂൺ 7-നാണ് യു എ ഇ NCM ഇക്കാര്യം അറിയിച്ചത്.

ബിപാർജോയ് ചുഴലിക്കാറ്റിനെ ഒരു കാറ്റഗറി 1 ചുഴലിക്കാറ്റായി വര്‍ഗീകരിച്ച് കൊണ്ടാണ് NCM ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ഈ ചുഴലിക്കാറ്റ് അറബിക്കടലിന് തെക്ക് ദിശയിൽ അക്ഷാംശം 13.1 വടക്ക്‌, രേഖാംശം 66.4 എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്ന് NCM അറിയിപ്പിൽ പറയുന്നു.

ഈ ചുഴലിക്കാറ്റിന്റെ മധ്യഭാഗത്തായി മണിക്കൂറിൽ 120 മുതൽ 130 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടുന്നതാണ്. ഇത് അടുത്ത 24 മണിക്കൂറിൽ ഇതേ തീവ്രതയോടെ തുടരുമെന്നും, ഇത് അറബിക്കടലിൽ വടക്കൻ ദിശയിൽ സഞ്ചരിക്കുമെന്നും NCM അറിയിച്ചു. ഈ ചുഴലിക്കാറ്റിന്റെ പ്രഭാവം അടുത്ത അഞ്ച് ദിവസത്തേക്ക് യു എ ഇയിൽ അനുഭവപ്പെടാനിടയില്ലെന്നും NCM കൂട്ടിച്ചേർത്തു.

Cover Image: WAM