അബുദാബി: റോഡിന് മധ്യത്തിൽ വാഹനം നിർത്തരുതെന്ന കർശന മുന്നറിയിപ്പുമായി പൊലീസ്

GCC News

എമിറേറ്റിലെ റോഡുകളുടെ മധ്യത്തിൽ വാഹനം നിർത്തരുതെന്ന് അബുദാബി പൊലീസ് കർശന മുന്നറിയിപ്പ് നൽകി. 2023 ജൂലൈ 7-നാണ് അബുദാബി പോലീസ് ഇക്കാര്യം അറിയിച്ചത്.

റോഡുകളുടെ നടുവിൽ വാഹനങ്ങൾ നിർത്തുന്നത് ഉൾപ്പടെയുള്ള അലക്ഷ്യമായ ഡ്രൈവിംഗ് ശീലങ്ങൾ വരുത്തിവെക്കുന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പോലീസ് ഈ മുന്നറിയിപ്പ് നൽകിയത്. റോഡിൽ പെട്ടന്ന് നിർത്തുന്ന ഒരു വാഹനം വരുത്തുന്ന അപകടത്തിന്റെ ദൃശ്യങ്ങൾ പങ്ക് വെച്ച് കൊണ്ടാണ് പോലീസ് ഈ മുന്നറിയിപ്പ് നൽകിയത്.

ഒരു സാഹചര്യത്തിലും റോഡുകളുടെ മധ്യത്തിൽ വാഹനം നിർത്തരുതെന്ന് പോലീസ് വ്യക്തമാക്കി. അടിയന്തിര സാഹചര്യങ്ങളിൽ ഡ്രൈവർമാർ തങ്ങളുടെ വാഹനം ഏറ്റവും അടുത്തുള്ള എക്സിറ്റ് ലക്ഷ്യമാക്കി ഡ്രൈവ് ചെയ്യണമെന്നും പോലീസ് കൂട്ടിച്ചേർത്തു.

വാഹനം തീർത്തും നീക്കാനാകാത്ത അടിയന്തിര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ കൺട്രോൾ സെന്ററുമായി ഉടൻ തന്നെ ബന്ധപ്പെടേണ്ടതാണ്. മുന്നിലുള്ള വാഹനനവുമായി എപ്പോഴും ഒരു സുരക്ഷിത അകലം പാലിക്കാനും പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

Cover Image: Abu Dhabi Police.