ഒമാൻ: വിപണിയിലെ മത്സര സാധ്യത തടയുന്ന രീതിയിലുള്ള കരാറുകളിൽ ഏർപ്പെടരുതെന്ന് വാണിജ്യ മന്ത്രാലയം

GCC News

വിപണിയിലെ മത്സര സാധ്യത തടയുന്നതോ, ദുര്‍ബ്ബലമാക്കുന്നതോ ആയ രീതിയിലുള്ള കരാറുകളിൽ ഏർപ്പെടരുതെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ വ്യാപാരികളോട് ആഹ്വാനം ചെയ്തു. 2023 ജൂലൈ 19-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

“വിപണിയിലെ മത്സര സാധ്യതകൾക്ക് തടസം നിൽക്കുന്നതോ, നിയന്ത്രിക്കുന്നതോ, തടയുന്നതോ, ദുര്‍ബ്ബലമാക്കുന്നതോ ആയ രീതിയിലുള്ള കരാറുകളിൽ (വാക്കാലുള്ളതോ, രേഖാമൂലമുള്ളതോ ആയ) – ഒമാനിൽ വെച്ചോ, ഒമാന് പുറത്ത് മറ്റുരാജ്യങ്ങളിൽ വെച്ചോ – വ്യാപാരികൾ ഏർപ്പെടുന്നത് രാജ്യത്തെ നിയമങ്ങൾക്കെതിരാണ്.”, മന്ത്രാലയം രാജ്യത്തെ വ്യാപാരികൾക്കായി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

വിപണിയിലെ മത്സര സാധ്യതകൾ നിലനിർത്തുന്നതിനും, കുത്തക പ്രവണത തടയുന്നതിനുമായുള്ള ’67/2014′ എന്ന ഒമാനിലെ ഔദ്യോഗിക ഉത്തരവിലെ ആർട്ടിക്കിൾ 9 അനുസരിച്ച് രാജ്യത്തിന് അകത്തോ, പുറത്തോ വെച്ച്, എഴുതിത്തയ്യാറാക്കിയതോ, വാക്കാലോ ഉള്ള, വിപണിയിലെ മത്സര സാധ്യതകൾക്ക് തടസം നിൽക്കുന്നതോ, നിയന്ത്രിക്കുന്നതോ, തടയുന്നതോ, ദുര്‍ബ്ബലമാക്കുന്നതോ ആയ രീതിയിലുള്ള കരാറുകളിൽ (വിലക്കിഴിവുകൾ, വില, ഇടപാട് വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച ഇപ്രകാരമുള്ള വ്യവസ്ഥകൾ ഉൾപ്പടെ) ഏർപ്പെടുന്നത് വിലക്കിയിട്ടുണ്ട്.