സൗദി അറേബ്യ: സ്റ്റേഡിയങ്ങളിൽ പുകവലിക്കുന്നവർക്ക് കനത്ത പിഴ ചുമത്തും

Saudi Arabia

രാജ്യത്തെ സ്പോർട്സ് സ്റ്റേഡിയങ്ങളിൽ പുകവലിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു. 2023 ഓഗസ്റ്റ് 11 മുതൽ നടപ്പിലാക്കുന്നതിനായി സൗദി ഫുട്ബോൾ ഫെഡറേഷൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് തയ്യാറാക്കിയ ചട്ടങ്ങൾ പ്രകാരമാണിത്.

ഈ നിയമങ്ങൾ പ്രകാരം, സൗദി അറേബ്യയിലെ സ്റ്റേഡിയങ്ങളിൽ പുകവലിക്കുന്നവർക്ക് 20000 റിയാൽ പിഴ ചുമത്തുന്നതാണ്. മത്സരങ്ങൾക്കിടെ മാച്ച് ഒഫീഷ്യലുകൾക്ക് നേരെ തുപ്പുന്ന കളിക്കാരെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുന്നതിനും, ഇവർക്ക് ഒരു ലക്ഷം റിയാൽ പിഴചുമത്തുന്നതിനുമുള്ള വ്യവസ്ഥകളും ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സൗദി അറേബ്യയിലെ ക്ലബുകളുടെ ആരാധകർ വരുത്തുന്ന അപമര്യാദയായുള്ള പ്രവർത്തികൾക്കുള്ള ശിക്ഷാ വ്യവസ്ഥകളും ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരാധകരുടെ അപമര്യാദയോടെയുള്ള പെരുമാറ്റങ്ങൾ മൂലം വരുന്ന സാമ്പത്തിക ബാധ്യതകളുടെ ഉത്തരവാദിത്വം ക്ലബുകൾ വഹിക്കേണ്ടിവരുന്നതാണ്. ഇത്തരം പെരുമാറ്റങ്ങൾക്ക് പതിനായിരം മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴ ലഭിക്കുന്നതാണ്.

സ്റ്റേഡിയങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതും, സാധനങ്ങൾ വലിച്ചെറിയുന്നതും, അക്രമങ്ങൾ നടത്തുന്നതും ഉൾപ്പെടയുള്ള പെരുമാറ്റങ്ങൾക്ക് പതിനായിരം മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുന്നതാണ്. വംശീയമായ അധിക്ഷേപം നടത്തുന്നവർക്ക് രണ്ട് ലക്ഷം റിയാൽ പിഴ ചുമത്തുന്നതാണ്.

Cover Image: Saudi Football Federation.