യു എ ഇ: മാർച്ച് 26 വൈകീട്ട് 8 മുതൽ 3 ദിവസത്തേക്ക് കർശനമായും വീടുകളിൽ തുടരുക; നിയമലംഘനങ്ങൾക്ക് തടവ് ശിക്ഷ

GCC News

യു എ ഇയിൽ മാർച്ച് 26 വൈകീട്ട് 8 മുതൽ കൊറോണാ വൈറസിന്റെ വ്യാപനത്തിനെതിരെ ദേശീയ അണുനശീകരണ യജ്ഞം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഈ കാലയളവിൽ ജനങ്ങളോട് കർശനമായും വീടുകളിൽ തുടരാൻ അധികൃതർ ആവശ്യപ്പെട്ടു. ഈ നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ തടവും പിഴയുമുൾപ്പടെ ശക്തമായ നടപടികളുണ്ടാകും എന്ന് ആഭ്യന്തര മന്ത്രാലയത്തിനു വേണ്ടി ബ്രിഗേഡിയർ അബ്ദുൽ അസീസ് അബ്ദുല്ലാ അഹ്‌മദ്‌ അറിയിച്ചു.

അണുനശീകരണ നടപടികൾ പ്രാവർത്തികമാക്കുന്ന മാർച്ച് 26, വ്യാഴാഴ്ച്ച വൈകീട്ട് 8 മണി മുതൽ മാർച്ച് 29, ഞായർ പുലർച്ചെ 6 മണിവരെ ഭക്ഷണം, മരുന്ന് മുതലായ അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനു മാത്രമേ ജനങ്ങൾക്ക് വീടുകൾക്ക് പുറത്തിറങ്ങാൻ അനുവാദമുള്ളൂ. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി അടിയന്തിര സ്വഭാവമുള്ള ടെലിക്കമ്യൂണിക്കേഷൻസ്, പോലീസ്, സേനാ വിഭാഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, മാധ്യമപ്രവർത്തകർ മുതലായവരെ മാത്രമേ വീടുകൾക്ക് പുറത്തിറങ്ങാൻ അനുവാദം നൽകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷണ വിതരണ കേന്ദ്രങ്ങൾ, കോഓപ്പറേറ്റീവ് സ്റ്റോർ, ഗ്രോസറികൾ, ഫാർമസി എന്നിവ ഈ കാലയളവിൽ പ്രവർത്തിക്കും.