COVID-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ‘വീടുകളിൽ തുടരുക, സുരക്ഷിതരാവുക‘ എന്ന നയത്തിലൂടെ നമ്മുടെ നാട് നീങ്ങുമ്പോൾ, പല കുടുംബങ്ങളിലും പട്ടിണിയുടെ നിഴൽ പരന്നു തുടങ്ങിയിരിക്കുന്നു. എന്നാൽ കേരള പോലീസും, സർക്കാർ സംവിധാനങ്ങളും, മറ്റു സന്നദ്ധ പ്രവർത്തകരും ചേർന്ന് പലയിടത്തും കമ്മ്യൂണിറ്റി കിച്ചൻ എന്ന ആശയം നടപ്പിലാക്കിയിരുന്നു. ഒരുവീട്ടിൽ ഒരു അടുക്കള എന്ന് ശീലിച്ച നമ്മുടെ മുൻപിൽ വിശക്കുന്ന വയറുകൾക്ക് ജാതി, മത, വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചത് ആശ്വാസവും ഒരു പുത്തൻ പ്രതീക്ഷയും ആയി കണക്കാക്കാം. കമ്മ്യൂണിറ്റി കിച്ചൻ എന്ന ആശയം സമൂഹത്തിൻറെ നന്മയുടെ രുചിപങ്ക് ആയി കരുതാം.
എന്നാൽ ഇത്തരം കമ്മ്യൂണിറ്റി കിച്ചണിലേക്കും എന്തിലും കൗതുകം കാണുന്ന പ്രബുദ്ധ മലയാളികളിൽ പലരും ആവശ്യമില്ലാതെ വിളിച്ച് ഇങ്ങിനെയൊരു സംവിധാനം നടപ്പിലുണ്ടോ എന്നറിയാനായി ഭക്ഷണം വേണമെന്ന് പറയുകയും, ഈ സേവനത്തിൻറെ കടയ്ക്കൽ കത്തിവയ്ക്കുന്ന സ്ഥിതിവിശേഷം നടക്കുന്നു എന്നുമറിയാൻ സാധിച്ചു; എന്ത് പ്രശ്നം വന്നാലും നമ്മുടെ ഈ ക്രൂര വിനോദങ്ങളിൽ ഉള്ള താല്പര്യത്തിന് എന്ത് മറുപടി കൊടുക്കണമെന്ന് വായനക്കാർ തന്നെ തീരുമാനിക്കട്ടെ. ഇത്തരം സംവിധാനങ്ങൾ ഒരുക്കുന്നത് അടിയന്തിര സന്ദർഭങ്ങളിലെ കരുതലായി കാണാൻ ഇക്കൂട്ടർക്കാവുന്നില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടകരം.
“എനിക്ക് വിശക്കുന്നു അൽപ്പം ഭക്ഷണം തരുമോ?” എന്ന് ലോകത്തൊരാളും മാനസ്സാഗ്രഹിച്ച് ചോദിക്കാൻ ഇഷ്ട്ടപെടുന്ന കാര്യമല്ല. പക്ഷെ, തന്റെ വയർ മാത്രമല്ല കുടുംബത്തെ കുട്ടികൾക്കും, വയസ്സായവർക്കും, സ്ത്രീകൾക്കും വിശപ്പെന്ന സത്യം വന്നു തട്ടുമ്പോൾ ഈ ആത്മാഭിമാനം പണയം വച്ച് ഇത്തരം കേന്ദ്രങ്ങൾ ഒരാശ്രയമായി കണക്കാക്കുന്നവർ നമ്മുടെ സമൂഹത്തിലുണ്ട് എന്നത് യാഥാർഥ്യമാണെന്ന് പലരും മറക്കുന്നു. എന്നാൽ ചിലർക്കിത് ഒരു നേരത്തെ നേരംപോക്കായി തോന്നുന്നു, കഷ്ട്ടം അല്ലാതെന്ത് പറയാൻ. വയറുമുട്ടെ ഭക്ഷണം കഴിച്ച ശേഷം ഇത്തരം കമ്മ്യൂണിറ്റി കിച്ചണിൽ വിളിച്ച് ഭക്ഷണം ഓർഡർ ചെയ്യുന്നവർ സ്വയം ആലോചിക്കട്ടെ അവരെ ഏതു വിഭാഗത്തിൽ ചേർത്ത് വിളിക്കണമെന്ന്. അവനവനോ, അവരവരുടെ അടുത്തവരോ വിശപ്പെന്ന സത്യം മനസ്സിലാക്കുന്നത് വരേയുള്ളൂ ഈ നേരംപോക്ക് എന്നത് സംശയമില്ലാത്ത യാഥാർഥ്യമാണ്.
കമ്മ്യൂണിറ്റി കിച്ചൻ എന്ന ആശയത്തിൽ പാത്രം കഴുകുന്നത്, കറിക്ക് അരിയുന്നത്, വൃത്തിയായി പൊതിയാക്കുന്നത് എല്ലാം സമൂഹത്തിലെ സന്മനസ്സുള്ള കുറച്ച് പേർ ചേർന്നാണ് എന്ന സത്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. നമ്മുടെ നാട്ടിൻപുറങ്ങളിലും ഇത്തരത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ അതത് സ്ഥലങ്ങളിലെ പോലീസ് സ്റ്റേഷൻ ബന്ധപ്പെട്ട് അവരുടെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സങ്കടിപ്പിക്കുന്നത് നല്ലതായിരിക്കും. നമ്മുടെ അയല്പക്കത്തുള്ള വിശക്കുന്ന വയറുകൾക്കും, അന്യസംസ്ഥാന തൊഴിലാളികൾ തങ്ങുന്നിടത്തും ഭക്ഷണം വിതരണം ചെയ്യാനായാൽ ഒരു പരിധിവരെ പരാതികളും വിഷമങ്ങളും അകറ്റാൻ സാധിക്കും. ഇത്തരം കമ്മ്യൂണിറ്റി കിച്ചണിൽ പോലും ആളുകൾ തമ്മിൽ മതിയായ വ്യക്തിയകലം പാലിച്ച് കൊണ്ടും, സുരക്ഷയ്ക്കായി മാസ്ക്കുകളും, കയ്യുറകളും ധരിച്ചുകൊണ്ടാണ് ഇത് ചെയ്യുന്നതെന്നതും പ്രശംസനീയമാണ്.
നാം കടന്നു പോകുന്നത് ഒരു നിർണ്ണായകമായ സമയത്തിലൂടെയാണ്, എന്തെല്ലാം ബുദ്ധിമുട്ടുകൾ സഹിച്ചായാലും നാം ഈ സമയം മറികടന്നേ മതിയാകൂ.
പ്രവാസിഡെയ്ലി എഡിറ്റോറിയൽ