അതിഗംഭീരമായ ആഘോഷങ്ങളോടെ ഈ വർഷത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് 2023 നവംബർ 17, വെള്ളിയാഴ്ച്ച തുടക്കമായി. അബുദാബിയിലെ അൽ വത്ബയിൽ വെച്ചാണ് ഷെയ്ഖ് സായിദ് പൈതൃകോത്സവം നടത്തുന്നത്.
2023 നവംബർ 17 മുതൽ 2024 മാർച്ച് 9 വരെ നീണ്ട് നിൽക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഈ വർഷത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി യു എ ഇയുടെ പൈതൃകമൂല്യങ്ങൾ എടുത്ത്കാട്ടുന്ന കലാപരിപാടികൾ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവ അരങ്ങേറുന്നതാണ്.
ഷെയ്ഖ് സായിദ് പൈതൃകോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങുകളുടെ ഭാഗമായി വർണ്ണാഭമായ വെടിക്കെട്ട്, കണ്ണഞ്ചിപ്പിക്കുന്ന ഡ്രോൺ പ്രദർശനങ്ങൾ, ഗ്ലോബൽ പരേഡ് തുടങ്ങിയവ അരങ്ങേറി.
ഇന്നത്തെ തലമുറയെ യു എ ഇയുടെ ചരിത്രം, പൈതൃകം എന്നിവയുമായി ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പരിപാടികളാണ് മേളയുടെ ഭാഗമായി സംഘാടകർ ഒരുക്കുന്നത്. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായുള്ള കാഴ്ചാനുഭവങ്ങൾ നൽകുന്ന പരിപാടികൾ ഒരുക്കുന്നതിന് സംഘാടകർ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.
ഇത്തവണത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ യു എ ഇയിൽ നിന്നുള്ളതും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളതുമായ നിരവധി സ്ഥാപനങ്ങൾ പങ്കെടുക്കുന്നതാണ്. നാഷണൽ ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ, യൂണിയൻ പരേഡ്, നാടന്‍ കലാരൂപങ്ങൾ, സംഗീത പരിപാടികൾ, കരിമരുന്ന് പ്രയോഗം, ഡ്രോൺ ഷോ മുതലായവ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ അരങ്ങേറുന്നതാണ്.
WAM [Cover Image: Screen Grab from video shared by @ZayedFestival.]