മദ്യാസക്തിയും വിടുതൽ വെല്ലുവിളികളും

Editorial

ഈ ലോക്ക്ഡൗൺ പ്രക്രിയ അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി, നമ്മുടെ സംസ്ഥാനം ആളുകൾ കേന്ദ്രീകൃതമായി തടിച്ചു കൂടാൻ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും ഇതിനോടകം ഒഴിവാക്കിയിരിക്കുന്നു. ഇതിന്റെ ഭാഗമായി നാട്ടിലെ എല്ലാ മദ്യശാലകളും അടച്ചിരിക്കുന്നു. ഇതേതുടർന്ന്, വിടുതൽ പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയാതെ ആത്മഹത്യയ്ക്ക് കീഴടങ്ങിയ മദ്യാസക്തിയുള്ള മലയാളികളെക്കുറിച്ചുള്ള വാർത്തകളും ഈ കോറോണക്കാലത്ത് നാം വായിച്ചറിയുന്നു.


കേൾക്കാം നിങ്ങൾക്ക് ഈ എഡിറ്റോറിയൽ!

മദ്യാസക്തി എന്നത് ശരീരത്തിനും മനസ്സിനും സംഭവിക്കുന്ന ഒരു രോഗാവസ്ഥയാണ്. പലപ്പോഴും ഒരു മദ്യപാനി ഈ നിലയെക്കുറിച്ച് ഓർക്കുന്നില്ല എന്നതാണ് ഇതിന്റെ വസ്തുത. സ്ഥിരം മദ്യപിക്കുന്ന ഒരാൾക്ക് മദ്യപാനം പെട്ടന്ന് നിർത്തുമ്പോൾ വിറയലും, വിശപ്പില്ലായ്മയും, മാനസിക വിഭ്രാന്തിയും, ഛർദി, ശക്തിയായ വയറുവേദന, അമിതമായ രക്തസമ്മർദ്ധം, ഉന്മേഷക്കുറവ് എന്നീ അവസ്ഥകൾ ഉണ്ടാകുന്നത് ഇതൊരു രോഗാവസ്ഥയാണെന്നതിനു തെളിവായി കണക്കാക്കാം. ഇത്തരത്തിലുള്ള ഒരു മദ്യപാനി എന്തെല്ലാം തരത്തിൽ പെരുമാറും എന്നത് കണക്കുകൂട്ടാൻ പ്രയാസമായിരിക്കും. മദ്യപിച്ച് വന്നു ഇക്കൂട്ടർ അവരവരുടെ വീടുകളിൽ സ്വസ്ഥത കളയുന്നത് മറന്നുകൊണ്ട് നാം ഇപ്പോൾ മദ്യപരെക്കുറിച്ചോർക്കുന്നത് അവരും സമൂഹത്തിൻറെ ഭാഗമാണെന്ന ചിന്തകൊണ്ടാണ്. COVID-19 എന്ന മഹാമാരിയുടെ വെല്ലുവിളികൾക്കിടയിൽ നമ്മുടെ സംസ്ഥാനം ഇത്തരത്തിലുള്ള സമൂഹത്തിനും അർഹതപ്പെട്ട പ്രാധാന്യം നൽകുന്നു എന്നത് പ്രതീക്ഷയേകുന്നു.

മദ്യാസക്തിയിൽ നിന്നും വിടുതലാഗ്രഹിക്കുന്നവർക്കായി നമ്മുടെ സർക്കാർ സംവിധാനങ്ങളിൽ തന്നെ “വിമുക്തി” എന്ന സേവനം നിലവിലുണ്ട്. ഇത്തരത്തിൽ മദ്യ വിടുതൽ വെല്ലുവിളികൾ അനുഭവിക്കുന്ന കുടുംബത്തിലെ അംഗങ്ങൾക്കോ, അടുത്ത ബന്ധുക്കൾക്കോ, അയല്പക്കക്കാർക്കോ ഇവരെ കുറിച്ചുള്ള വിവരങ്ങൾ വിമുക്തിയിലേക്ക് കൈമാറാവുന്നതാണ്. മദ്യാസക്തിയുള്ള ആൾക്ക് വിടുതൽ കാലയളവിൽ വൈദ്യ സഹായത്തോടൊപ്പം, അവരുടെ മാനസിക ഉത്തേജനത്തിനായി മോട്ടിവേഷൻ ക്ലാസ്സുകളും, മനഃശാസ്ത്ര വിദഗ്ധരുടെ സേവനങ്ങളുമാണ് നൽകേണ്ടത്; അല്ലാതെ മദ്യപാന പിൻവലിയൽ പ്രതിസന്ധി തടയുവാൻ കുറച്ചു മദ്യം നല്‌കി താല്ക്കാലികമായി സ്വസ്ഥത തേടുന്നത് അഭികാമ്യമല്ല. ഇതിനായി 14405 എന്ന ടോൾ ഫ്രീ നമ്പറും പൊതുജനങ്ങളുടെ ശ്രദ്ധയിലേക്ക് സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. നമ്മളിൽ പലരും തമാശയ്ക്ക് പറയുന്നതുപോലെ “രണ്ടെണ്ണം അടിച്ചില്ലങ്കിൽ കൈ വിറയ്ക്കും” എന്ന അവസ്ഥ, മാറ്റാൻ കഴിയുന്ന ഒരു മനോരോഗാവസ്ഥയാണ്.കൊറോണകാലത്തെ ജനതാ കർഫ്യു ദിനത്തിൽ നമ്മുടെ കൊച്ചു കേരളം കുടിച്ചു തീർത്തത് 60 കോടിയിലേറെ മദ്യമാണ്. ഒരുനേരംപോലും ആളുകൾ പട്ടിണി കിടക്കാതിരിക്കാൻ ഒരു സംസ്ഥാനം ഒരുമിച്ച് നിന്ന് പരിശ്രമിക്കുമ്പോൾ ആണ് ഈ കണക്കുകളും നമുക്ക് മുന്നിലേയ്ക്ക് വരുന്നത്.

ഈ കാലയളവിൽ നാട്ടിൻപുറങ്ങളിലും, ഉൾനാടൻ പ്രദേശങ്ങളിലും ഇതിനോടകം തുടങ്ങാൻ സാധ്യതയുള്ള കള്ളവാറ്റും, ലഹരിയിലെ വ്യത്യസ്തമായ രീതികളിലേയ്ക്കും നമ്മുടെ എക്സൈസ് വകുപ്പും, പോലീസും, പ്രബുദ്ധരായ നാട്ടുകാരും ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. ഒഴിഞ്ഞ പറമ്പുകൾ, ആളൊഴിവുള്ള കെട്ടിടങ്ങൾ എന്നിവ ശരണാലയങ്ങളായി മദ്യപരും , ലഹരിക്കടിമപ്പെട്ടവരും തിരഞ്ഞെടുക്കാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടായിരിക്കാം എല്ലാ ഉൾവഴികളിലും പോലീസിന്റെയും, എക്സൈസിന്റെയും ഒരു ജാഗ്രത ഈ വിഷയത്തിൽ തുടർന്ന് വരുന്നുണ്ടെന്നത് പ്രശംസനീയം. നാം ഒന്നോർക്കണം ആരോടും അനുവാദം ചോദിക്കാതെ നമുക്കിടയിലേയ്ക്ക് കടന്നു വന്ന ഒരു മഹാമാരി നമുക്ക് മുന്നിലുണ്ട്, അതിനിടയിലേയ്ക്ക് മറ്റൊരു വിഷമദ്യ ദുരന്തംകൂടി കൊണ്ടുവരാതിരിക്കേണ്ടത് നമ്മുടെ പൊതുജന ഉത്തരവാദിത്തമായി കണക്കാക്കണം.

ആൽക്കഹോൾ വിത്‌ഡ്രോവൽ സിൻഡ്രോം” എന്ന രോഗാവസ്ഥയ്ക്ക് മാറ്റം വരുത്താവുന്ന എല്ലാ സംവിധാനങ്ങളും നമുക്ക് മുന്നിലുണ്ട്; മാനസികമായ നമ്മുടെ സഹകരണം മാത്രമാണ് ഈ ഘട്ടത്തിൽ വേണ്ടതായുള്ളു. നമുക്ക് ചുറ്റുമുള്ള ലോകജനത ഒന്നടങ്കം കൊറോണ വ്യാപനം എന്ന പ്രതിസന്ധിഘട്ടം മറികടക്കാൻ ശ്രമിക്കുമ്പോൾ അല്പനേരത്തെ ബുദ്ധിയെ മരവിപ്പിക്കുന്ന മദ്യത്തിന്റെ രുചി മറക്കാൻ കഴിയണം, കഴിഞ്ഞേ മതിയാകു. അല്ലങ്കിൽ അതിജീവനത്തിനായുള്ള പോരാട്ടത്തിൽ എതിരെ നിൽക്കുന്നവരുടെ കൂട്ടത്തിലായിരിക്കാം മദ്യപരായവരുടെ പേരുകളും നാളെ ലോകം വായിച്ചറിയുക.

വിമുക്തി കേന്ദ്രങ്ങളുമായി ബന്ധപ്പെടാം:

ടോൾ ഫ്രീ നമ്പർ: 14405 – വാട്സ്ആപ്പ് നമ്പർ : 9061178000

വിമുക്തി മിഷൻ ജില്ലാ ഓഫീസുകൾ:

Sl.No Districts Phone Number
1 Thiruvananthapuram 9447178053, 0471-2473149
2 Kollam 9447178054,0474-2767822
3 Pathanamthitta 9447178055, 0468- 2222873
4 Alappuzha 9447178056, 0477-2252049
5 Kottayam 9447178057, 0481-2562211
6 Idukki 9447178058, 04862-222493
7 Ernakulam 9447178059, 0484-2390657
8 Thrissur 9447178060, 0487-2361237
9 Palakkad 9447178061, 0491-2505897
10 Malappuram 9447178062, 0483-2734886
11 Kozhikode 9447178063, 0495-2372927
12 Wayanad 9447178064, 04936-248850
13 Kannur 9447178065, 04972- 706698
14 Kasaragod 9447178066, 04972-705470

1 thought on “മദ്യാസക്തിയും വിടുതൽ വെല്ലുവിളികളും

Leave a Reply

Your email address will not be published. Required fields are marked *