യു എ ഇ: രാത്രി യാത്രകൾക്കുള്ള പെർമിറ്റ് നൽകുന്ന സംവിധാനങ്ങൾ നിർത്തലാക്കി

GCC News

യു എ ഇയിൽ ഏപ്രിൽ 5 വരെ ദിനവും രാത്രി 8 മുതൽ രാവിലെ 6 വരെയുള്ള അണുനശീകരണ പ്രവർത്തനങ്ങളുടെ സമയത്ത് വീടുകൾക്ക് പുറത്തിറങ്ങുന്നതിന് അനുമതി നേടുവാനായി ഏർപ്പാടാക്കിയിരുന്ന പ്രത്യേക പെർമിറ്റ് സംവിധാനങ്ങൾ നിർത്തലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ശുചീകരണ, അണുനശീകരണ പ്രവർത്തനങ്ങൾക്കായി ഏർപ്പാടാക്കിയ ഈ നിയന്ത്രണങ്ങളോട് പൊതുജനങ്ങളുടെ ഭാഗത്തു നിന്നുള്ള മികച്ച പ്രതികരണവും, പ്രതിബദ്ധതയും, മുന്‍കരുതൽ നിർദ്ദേശങ്ങൾ പാലിക്കുന്നതിലുള്ള കണിശതയും കണക്കിലെടുത്താണ് അണുനശീകരണ പ്രവർത്തനങ്ങളുടെ സമയത്ത് അടിയന്തിര ആവശ്യങ്ങൾക്കായി വീടുകൾക്ക് പുറത്തിറങ്ങാൻ പ്രത്യേക പെർമിറ്റുകൾ വേണമെന്ന നിബന്ധന ഇപ്പോൾ ഒഴിവാക്കിയത്.

https://www.instagram.com/p/B-aHmniAJlQ/?utm_source=ig_web_copy_link

ഇതിനായി നിലവിലുണ്ടായിരുന്ന എല്ലാ ഓൺലൈൻ സംവിധാനങ്ങളും നിലവിൽ നിർത്തലാക്കിയിട്ടുണ്ട്. അണുനശീകരണ പ്രവർത്തനങ്ങളുടെ സമയത്ത് നിയന്ത്രണങ്ങൾ തുടരുമെന്നും, ഈ സമയത്ത് പൊതുജനങ്ങൾ മരുന്നുകൾ, ഭക്ഷണം മുതലായവ വാങ്ങുന്നതിനും, അടിയന്തിര ആവശ്യങ്ങൾക്കും, ഇളവുകൾ നൽകിയിട്ടുള്ള അടിയന്തിരസ്വഭാവമുള്ള തൊഴിൽ പരമായ ആവശ്യങ്ങൾക്കും മാത്രമേ പുറത്തിറങ്ങാവൂ എന്നും, വീടുകളിൽ തുടരണമെന്നും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നവരുടെ ഐഡി മുതലായവ പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.