ദുബായ്: അന്വേഷണം, വ്യവഹാരം എന്നിവ റിമോട്ടായി നടപ്പിലാക്കുന്നതിനുള്ള കേന്ദ്രീകൃത ഡിജിറ്റൽ സംവിധാനം

GCC News

റിമോട്ട് ഇൻവെസ്റ്റിഗേഷൻ, വ്യവഹാരം എന്നിവയ്ക്കായുള്ള ഒരു കേന്ദ്രീകൃത ഡിജിറ്റൽ സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്നതായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. 2024 മെയ് 9-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ദുബായിലെ വിദൂര അന്വേഷണവും, വ്യവഹാരവും കാര്യക്ഷമമാക്കുന്നതിനായാണ് നൂതനവും കേന്ദ്രീകൃതവുമായ ഇത്തരം ഒരു ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നത്. ഇതിനുള്ള പങ്കാളിത്ത കരാറിൽ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ (DPP), ‘e& എന്റർപ്രൈസ്’ എന്നിവർ ഒപ്പുവച്ചിട്ടുണ്ട്.

സീനിയർ അഡ്വക്കേറ്റ് ജനറലും, റിമോട്ട് ഇൻവെസ്റ്റിഗേഷൻ ആൻഡ് ലിറ്റിഗേഷൻ സിസ്റ്റം പ്രോജക്ട് ടീം തലവനുമായ കൗൺസിലർ ഡോ. അലി ഹുമൈദ് ബിൻ ഖതാം, ‘e& എന്റർപ്രൈസ്’ സി ഇ ഒ സാൽവഡോർ ആംഗ്ലാഡ എന്നിവരാണ് ഈ കരാറിൽ ഒപ്പുവച്ചത്.

“ഈ നൂതന പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ ഘട്ടങ്ങൾ ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ പ്ലാറ്റഫോമാണ്. ഈ പദ്ധതി ഒരു സെൻട്രൽ ഓപ്പറേഷൻസ് ഹബ് കേന്ദ്രമാക്കികൊണ്ട് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും, ഏകോപിപ്പിക്കുകയും, ഡോക്യുമെൻ്റ് ചെയ്യുകയും ചെയ്യുന്നതാണ്. ഇത് ദ്രുതഗതിയിലുള്ള തീരുമാനമെടുക്കൽ സുഗമമാക്കുകയും, പദ്ധതിയുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും യോജിപ്പ് ഉറപ്പാക്കുകയും ചെയ്യുന്നു.”, കൗൺസിലർ ഡോ. ബിൻ ഖതം പറഞ്ഞു.

ഒരു സെൻട്രൽ ഓപ്പറേഷൻ ഹബ് വഴിയാണ് DPP ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നതിന് ഉദ്ദേശിച്ചിക്കുന്നത്. ദുബായ് കോടതികൾ, ദുബായ് പോലീസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) എന്നിവയുൾപ്പെടെയുള്ള പ്രധാന പങ്കാളികളുടെ സംവിധാനങ്ങളുമായി ഇത് സംയോജിപ്പിക്കുന്നതാണ്.

ഏറ്റവും ഉയർന്ന അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് എമിറേറ്റിലെ നീതിന്യായ വ്യവസ്ഥ വികസിപ്പിക്കാനും നവീകരിക്കാനുമുള്ള ദുബായുടെ നയത്തിന്റെ ഭാഗമാണ് ഈ പദ്ധതി. 2026-ഓടെ ഈ പദ്ധതി പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.