രണ്ടാനച്ഛന്റെ ക്രൂരതയിൽ പൊലിഞ്ഞു പരലോകം പൂകിയ തൊടുപുഴയിലെ ഏഴുവയസ്സുകാരൻ ഓർമ്മയായിട്ട് ഒരു വർഷം, ഇനിയും മറക്കുവാനാകാത്ത ഹൃദയ നൊമ്പരത്തിന് കണ്ണുനീർ പ്രണാമം…
നീ എനിക്കാരുമല്ലെങ്കിലും എന്നുണ്ണി
ഇന്നെന്റെ ഹൃദയം നുറുങ്ങുന്ന നോവാണ് നീ
ഞാൻ നിനക്കാരുമാകില്ലെന്നറിയുമ്പൊഴും
എന്നിലണ പൊട്ടി ഒഴുകുന്ന തേങ്ങലാകുന്നു നീ
പുസ്തകതാളിൽ നീ കോറിയിട്ട നിന്നച്ഛന്റെ ഓർമ്മയും
നിൻ പുഞ്ചിരിയും കാണുമ്പോളൊക്കെയും ഉള്ളം
നീറി പിടയുന്നു കണ്ണാ അന്നുമിന്നും
പശി തീർക്കുവാൻ നീ കൂട്ടർക്ക് മുന്നിൽ
കൈ നീട്ടി യാചിച്ച കാര്യമോർക്കെ
ഓർക്കെ നെഞ്ചകം വിങ്ങിയെൻ
കണ്ണു നിറയുന്നതെന്തിനെന്നറിയില്ലെൻ കണ്ണനുണ്ണി
മനുഷ്യ മൃഗത്തിന് പേമൂത്ത രാവിൽ
ജീവന് വേണ്ടി നീ അലറിക്കരയുന്നതും
തുണയാരുമില്ലാതെ ചുടുനിണം വാർന്നു
വേദന തിന്നു നീ പിടഞ്ഞു കേഴുന്നതും
ഓർക്കുമ്പോളോർക്കുമ്പോൾ തളർന്നു പോകുന്നെന്റെ
മനസ്സും ശരീരവും മരവിച്ചു പോകുന്നു
മരുന്ന് മണക്കുന്ന ചുമരുകൾക്കുള്ളിൽ നീ
ജീവിതം തിരികെ പിടിച്ചു വേദന കടൽ
കയറിയെത്തിടാൻ പ്രാർത്ഥിച്ചിരുന്നു ഞാനുമീ
ലോകവും നിൻ വേദന പങ്കിട്ടു കാത്തിരുന്നു
കണ്ണു തുറന്നു നീ പുഞ്ചിരിച്ചെന്നൊരു
സന്തോഷ വാർത്തക്കായ് കാത്തിരുന്നു
ഓരോ നിമിഷവും കാതോർത്തിരുന്നു
അക്ഷര മുറ്റത്ത് ഓടി നടക്കുവാൻ
അക്കങ്ങളൊക്കെയും
കീഴ്പ്പെടുത്താൻ അർക്കാനായി നീ ഉദിച്ചു
ഉയർന്നെത്തുന്ന ശുഭ വാർത്ത കേൾക്കാനായി
കാത്തിരുന്നു മഹാ വൈദ്യനാം
കാരുണ്യവാനോട് യാചിച്ചു പ്രാർത്ഥിച്ചു കാത്തിരുന്നു
ഞാനുമീ ലോകവും കാത്തിരുന്നു
പ്രാർത്ഥനകളൊക്കെയും വിഫലമായി
കാത്തിരുന്നോർക്കൊക്കെയും നിരാശ നൽകി
കണ്ണൊന്നു തുറക്കാതെ പുഞ്ചിരി പൂമൊട്ട് നൽകാതെ
പരിഭവം പറയാതെ പരാതിയും പറയാതെ
ഒരു വാക്കും മിണ്ടാതെ പോയതെന്തേ
നീ ആരോടും ഒരു വാക്കും മിണ്ടാതെ പോയതെന്തേ
നിന്നച്ഛന്നടുത്തേക്ക് പോയതെന്തേ
ഇനി ഒരു മൃഗത്തിനും ഒന്നു നുള്ളി നോവിക്കുവാൻ പോലും
കഴിയാത്ത ദൂരത്ത് പോയതാണോ അച്ഛന്റെ കരുതലും
സ്നേഹ വാത്സല്യങ്ങളും തേടി നീ ദൂരേക്ക് പോയതാണോ
ആകാശ ഗംഗയിൽ ആയിരം നക്ഷത്ര രാജിയിൽ നീയും
വന്നിടേണം പുഞ്ചിരി പൂവുമായ് നിന്നനുജനെ കാണുവാൻ
കനക നക്ഷത്രമായ് നിന്നനുജന് കാണുവാൻ
അച്ഛനോടൊത്തു നീ വന്നിടേണം
നിനക്കാരുമല്ലാത്ത ഞാനുമെൻ മനനവും
നിന്നാത്മ ശാന്തിക്കായി പ്രാർത്ഥിച്ചിടുന്നു
വേദനകളില്ലാത്ത ലോകത്ത് പരലോകത്ത്
സ്വർഗ്ഗലോകത്ത് നിന്നാത്മ ശാന്തിക്കായി
നിറമിഴിയോടിന്നും പ്രാർത്ഥിച്ചിടുന്നു
ഞാനുമീ ലോകവും പ്രാർത്ഥിച്ചിരിക്കുന്നു
ഇനി ഒരു ഉണ്ണിക്കും നിൻ ഗതി വരാതിരിക്കണം
നിയമങ്ങളൊക്കെയും പൊളിച്ചെഴുതീടണം
ഇനിയൊരു ജീവനും നിൻ ദുർഗതി വരാതിരിക്കണം
ചട്ടങ്ങളൊക്കെയും തിരുത്തി കുറിക്കണം
കാരാഗ്രഹങ്ങളെ നരകങ്ങളാക്കണം
നരാധമൻമാർക്കതിൽ സ്വയം തീരുവാൻ തോന്നണം
മൃഷ്ട്ടാനമൂട്ടി ഉറക്കി കൊഴുത്തു തുടുപ്പിക്കും
ചട്ടങ്ങളൊക്കെയും കുപ്പ തൊട്ടിയിലെറിയണം
നികുതി പണം തിന്നു കൊഴുത്തുറങ്ങീടുന്ന
സുഖ സ്വസ്ഥ ജീവിതം കാരാഗ്രഹങ്ങളിൽ പഴങ്കഥകളാകണം
ഭരണ പീഠങ്ങളിലമർന്നുറക്കം നടിക്കുന്ന
അധികാര വർഗ്ഗമേ കൺതുറക്കു
വേട്ട മൃഗങ്ങൾക്ക് കുട ചൂടിയാടാതെ
ഇരകൾ തൻ നീതിക്കായി നിവർന്നു നിൽക്കു
ഇരകളോടൊപ്പം ചേർന്നു നിൽക്കു
ഇരകൾ തൻ നീതിക്കായി നിലപാടെടുക്കു
നീതി പീഠങ്ങൾ വിധിക്കുന്ന ശിക്ഷകൾ
മനുഷ്യ മൃഗങ്ങളിൽ ഭയജന്യമാകണം
കാലം പഴകാതെ നരാധമരൊക്കെയും
തൂക്കു മരങ്ങളിൽ പിടഞ്ഞുനിന്നാടണം
അതിക്രൂര മൃഗചിന്തകളൊക്കെയും
തൂക്കു മരങ്ങളിൽ പിടഞ്ഞാടി തീരണം
പൊതു സമൂഹങ്ങൾക്കെന്നുംസന്ദേശമായിതു
നര ജീവിതങ്ങൾക്ക് ഗുണപാഠമേകണം
എന്നെന്നും നര ജീവിതങ്ങൾക്ക് ഗുണപാഠമാകണം
ആരോട് പറയും ആരിതു കേൾക്കും
ആലംബമില്ലാത്തോർ തൻ ആത്മദുഃഖം,,,,
സ്മിജു രാജൻ, റാസ് അൽ ഖൈമ