കുവൈറ്റ്: റോഡുകളിലെ എമർജൻസി ലൈനുകളിലൂടെ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തും

GCC News

രാജ്യത്തെ റോഡുകളിലെ എമർജൻസി ലൈനുകളിലൂടെ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് കുവൈറ്റ് അധികൃതർ വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എമർജൻസി വാഹനങ്ങൾക്ക് വളരെ വേഗത്തിൽ കടന്ന് പോകുന്നതിനായി ഒരുക്കിയിട്ടുള്ള ഇത്തരം ലൈനുകൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കുന്നതിനും, ആംബുലൻസ്, പോലീസ്, ഫയർ എഞ്ചിൻ തുടങ്ങിയ അടിയന്തിര സ്വഭാവമുള്ള വാഹനങ്ങൾക്ക് തടസം കൂടാതെ സഞ്ചരിക്കുന്നതിനുള്ള സാഹചര്യം ഉറപ്പാക്കുന്നതിനുമായുമാണ് ഈ നടപടി. കുവൈറ്റ് ജനറൽ ട്രാഫിക് വകുപ്പിലെ ട്രാഫിക് അവെർനസ് വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇത്തരം ലൈനുകൾ ദുരുപയോഗം ചെയ്യുന്നവർക്ക് 15 ദിവസം വരെ തടവ്, 25 ദിനാർ പിഴ എന്നീ ശിക്ഷകൾ ലഭിക്കാനിടയുണ്ട്. ഇത്തരം വാഹനങ്ങൾ രണ്ട് മാസത്തേക്ക് പിടിച്ചെടുക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

റോഡുകളിലെ ഇത്തരം എമർജൻസി ലൈനുകളിലൂടെ വാഹനമോടിക്കരുതെന്നും, ഇത്തരം ലൈനുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് സംബന്ധിച്ച വീഴ്ചകൾ കണ്ടെത്തുന്നതിനായി നിരീക്ഷണകാമറകൾ ഉപയോഗപ്പെടുത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.