അബുദാബി: സ്വദേശിവത്കരണ നിയമങ്ങൾ ലംഘിച്ച ഒരു കമ്പനിക്ക് 10 മില്യൺ ദിർഹം പിഴ ചുമത്തി

GCC News

സ്വദേശിവത്കരണ നിയമങ്ങൾ മറികടക്കുന്നതിനായി ജീവനക്കാരുടെ എണ്ണത്തിൽ കൃത്രിമത്വം കാണിച്ച ഒരു സ്വകാര്യ കമ്പനിക്ക് അബുദാബി മിസ്‌ഡിമെനർ കോടതി 10 മില്യൺ ദിർഹം പിഴ ചുമത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സ്വദേശിവത്കരണ നിബന്ധനകൾ മറികടക്കുന്നതിനായി ഈ സ്ഥാപനം 113 സ്വദേശികളെ നിയമിച്ചതായി വ്യാജ രേഖകൾ ചമച്ചിരുന്നു. എമിറേറ്റൈസേഷൻ ചട്ടങ്ങളും തീരുമാനങ്ങളും മറികടന്നതായി കണ്ടെത്തിയ ഈ സ്വകാര്യ കമ്പനിക്ക് എതിരെ പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾക്ക് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ ശുപാർശ ചെയ്തിരുന്നു.

തുടർന്ന് നടന്ന പരിശോധനകളിൽ ഈ കമ്പനി എമിറേറ്റൈസേഷൻ നടപടിക്രമങ്ങൾ ലംഘിച്ചതായും സ്വകാര്യമേഖലയിൽ പൗര പങ്കാളിത്തം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നഫീസ് പ്രോഗ്രാമിന് അനുസൃതമില്ലെന്നും കണ്ടെത്തുകയായിരുന്നു. എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ സംബന്ധിച്ച നിയമവും മന്ത്രിതല തീരുമാനങ്ങളും മറികടക്കുന്നതിനായി ഈ കമ്പനി ജീവനക്കാർക്ക് വർക്ക് പെർമിറ്റ് നൽകുകയും യഥാർത്ഥ തൊഴിൽ ഇല്ലാതെ അവരെ രജിസ്റ്റർ ചെയ്തതായും കണ്ടെത്തിയിരുന്നു.

തുടർന്നാണ് അബുദാബി പബ്ലിക് പ്രോസിക്യൂഷൻ ഈ കമ്പനി കുറ്റക്കാരാണെന്ന് കണ്ടെത്തി പിഴ ചുമത്തിയത്.