ബഹ്‌റൈൻ: എല്ലാ പ്രവാസി തൊഴിലാളികൾക്കും IBAN ഉറപ്പ് വരുത്തുമെന്ന് LMRA

Bahrain

രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രവാസി തൊഴിലാളികൾക്കും ഇന്റർനാഷണൽ ബാങ്ക് അക്കൗണ്ട് നമ്പർ (IBAN) ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു. 2024 ഓഗസ്റ്റ് 5-നാണ് LMRA ഇക്കാര്യം അറിയിച്ചത്.

സ്വകാര്യ മേഖലയുമായും, സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈനുമായും സഹകരിച്ചാണ് LMRA ഇക്കാര്യം നടപ്പിലാക്കുന്നത്. വേതനത്തിനായി ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രവാസി തൊഴിലാളികൾക്കിടയിൽ അവബോധം വളർത്തുന്നതിനും, തൊഴിലാളികളുടെയും, തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി.

ഈ തീരുമാനം നടപ്പിലാകുന്നതോടെ തൊഴിലാളികൾക്ക് തൊഴിൽ കരാർ വ്യവസ്ഥകൾ പ്രകാരമുള്ള വേതനം നൽകുന്നതിനായി തൊഴിലുടമകൾ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുമെന്ന് ഉറപ്പാക്കുന്നതിന് സാധിക്കുമെന്ന് LMRA വക്താക്കൾ ചൂണ്ടിക്കാട്ടി. ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഓരോ പ്രവാസി തൊഴിലാളിക്കും IBAN നൽകുന്നതിനുള്ള നടപടികൾ സ്വകാര്യമേഖലയുമായി ചേർന്ന് LMRA ആരംഭിച്ചതായി അവർ കൂട്ടിച്ചേർത്തു.