സംസ്ഥാനത്ത് 9 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

Kerala News

കേരളത്തിൽ 9 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർകോട് നാലും കണ്ണൂരിൽ മൂന്നും കൊല്ലം, മലപ്പുറം എന്നിവിടങ്ങളിൽ ഒരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ നാലു പേർ വിദേശരാജ്യത്തുനിന്നു വന്നവരും രണ്ടു പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരും മൂന്നു പേർ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരുമാണ്.

നിലവിൽ 263 പേർ വിവിധ ആശുപത്രികളിൽ ചികിത്‌സയിലുണ്ട്. ചൊവ്വാഴ്ച 12 പേരുടെ ഫലം നെഗറ്റീവായി. ഇതിൽ അഞ്ച് പേർ കണ്ണൂരും നാലു പേർ എറണാകുളത്തും ഒന്നു വീതം പേർ തിരുവനന്തപുരം, ആലപ്പുഴ, കാസർകോട് ജില്ലകളിലുമാണ്. 1,46,686 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 1,45,934 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 752 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു.

ലോക്ക്ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കേന്ദ്രത്തിന് അയയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏത് പ്രതികൂല അവസ്ഥയിലും നഴ്‌സുമാർ നടത്തുന്ന ത്വാഗോജ്വല പ്രവർത്തനം നമുക്കാകെ അഭിമാനം പകരുന്നതാണ്. മറ്റു സ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവർത്തിക്കുന്ന മലയാളികളായ നഴ്‌സുമാരുടെ സുരക്ഷ സംബന്ധിച്ച് പ്രധാനമന്ത്രി, മഹാരാഷ്ട്ര, ഡൽഹി മുഖ്യമന്ത്രിമാർ എന്നിവർക്ക് കത്തയച്ചിട്ടുണ്ട്.

നഴ്‌സുമാർ നമുക്ക് നൽകുന്ന കരുതൽ അതേനിലയിൽ തിരിച്ചു നൽകാൻ നമുക്ക് ഓരോരുത്തർക്കും ബാധ്യതയുണ്ട്. ലോക മലയാളി സമൂഹവും സംഘടനകളും ഇടപെടാൻ പറ്റുന്ന തലങ്ങളിൽ ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരെ സഹായിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.