ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനുള്ളത്; ഇല്ലെങ്കിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുമെന്ന് സൗദി ആരോഗ്യമന്ത്രി

GCC News

ജനങ്ങൾ സുരക്ഷാ നടപടികൾ കർശനമായി പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ നിയന്ത്രണാതീതമാകുമെന്ന് മുന്നറിയിപ്പുമായി സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റാബിയ. നിലവിലെ സാഹചര്യത്തിൽ COVID-19 നിയന്ത്രണവിധേയമാക്കുന്നതിനു 4 മാസം മുതൽ 1 വർഷം വരെ വേണ്ടിവരാമെന്ന് അദ്ദേഹം പത്ര സമ്മേളനത്തിൽ അറിയിച്ചു. പൊതുജനങ്ങൾ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടർന്നില്ലെങ്കിൽ സൗദിയിലെ രോഗബാധിതരുടെ എണ്ണം 2 ലക്ഷത്തിലും മേലെ പോകാൻ സാധ്യതയുള്ളതായും അദ്ദേഹം അറിയിച്ചു.

സൗദിയിൽ 272 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഈ മുന്നറിയിപ്പ്. ഏപ്രിൽ 7-നു COVID-19-നെ തുടർന്ന് സൗദിയിൽ 3 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊറോണാ വൈറസ് ബാധിതർ 2795 ആയി. ഇത് വരെ സൗദിയിൽ 41 പേർ കൊറോണാ വൈറസ് ബാധയെത്തുടർന്ന് മരിച്ചിട്ടുണ്ട്. 615 പേർ ഇതുവരെ രോഗം ഭേദമായി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.

സ്ഥിതിഗതികൾ ഇത്രയും ഗൗരവമായിട്ടും രാജ്യത്ത് ഇപ്പോഴും ആരോഗ്യ നിർദ്ദേശങ്ങളോടും സുരക്ഷാ നടപടികളോടും പൂർണമായും സഹകരിക്കാത്തവർ ഉള്ളതായി ഡോ. തൗഫീഖ് കൂട്ടിച്ചേർത്തു. ഇത്തരക്കാർ സാമൂഹികമായ ഒത്തുചേരലുകൾ ഒഴിവാക്കാനും, സമൂഹ അകലം കർശനമായും പാലിക്കാനുമുള്ള നിർദ്ദേശങ്ങൾ അനുസരിക്കാത്തത് സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നും, സ്ഥിതിഗതികൾ നിയന്ത്രണാതീതമായാൽ സൗദിയിൽ COVID-19 നിയന്ത്രണവിധേയമാക്കുന്നതിനു 4 മാസം മുതൽ 1 വർഷം വരെ വേണ്ടിവരാമെന്നും അദ്ദേഹം ആശങ്കപ്പെട്ടു. രാജ്യത്ത് നിലവിൽ കൊറോണാ വൈറസ് വ്യാപിക്കുന്നതിനു ഇടയാക്കിയ സാഹചര്യം ഒരു വിഭാഗം നിസ്സഹകരണം മൂലമാണെന്നും, ഇത് തുടർന്നാൽ സൗദിയിലെ ആരോഗ്യ രംഗത്തിനു നിയന്ത്രിക്കാവുന്നതിനും അപ്പുറത്തേക്ക് കാര്യങ്ങൾ പോകാമെന്നും അദ്ദേഹം ഓർമിപ്പിച്ചു.