ബ്രിക്‌സ് ഉച്ചകോടി: നരേന്ദ്ര മോദി ഉൾപ്പടെയുള്ള ലോക നേതാക്കളുമായി യു എ ഇ പ്രസിഡണ്ട് കൂടിക്കാഴ്ച നടത്തി

UAE

പതിനാറാമത് ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ള ലോക നേതാക്കളുമായി യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി. റഷ്യയിലെ കസാനിൽ നടക്കുന്ന പതിനാറാമത് ബ്രിക്‌സ് ഉച്ചകോടി റഷ്യൻ പ്രസിഡണ്ട് H.E. വ്ലാദിമിർ പുടിൻ ഉദ്ഘാടനം ചെയ്തിരുന്നു.

ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈജിപ്ത് പ്രസിഡണ്ട് അബ്ദെൽ ഫത്തഹ് എൽ സിസി, ഇറാൻ പ്രസിഡണ്ട് ഡോ. മസൗദ്‌ പെസഷ്‌കിയൻ, ചൈനീസ് പ്രസിഡണ്ട് ഷീ ജിങ്പ്പിങ്, സൗത്ത് ആഫ്രിക്കൻ പ്രസിഡണ്ട് സിറിൽ റമഫോസ, എത്യോപ്യൻ പ്രസിഡണ്ട് ഡോ. അബിയെ ആഹ്മെദ് അലി എന്നീ നേതാക്കളുമായി യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി. ഈ രാജ്യങ്ങളുമായി യു എ ഇയുടെ ബന്ധം, സഹകരണം എന്നിവ ശക്തമാക്കുന്നതിനെക്കുറിച്ച് അദ്ദേഹം കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

2024 ജനുവരി 1-നാണ് യു എ ഇ ബ്രിക്‌സ് കൂട്ടായ്മയിൽ അംഗമായത്. ബ്രിക്‌സിലെ സ്ഥിരാംഗത്വത്തിനു ശേഷമുള്ള ഉച്ചകോടിയിലെ യു എ ഇയുടെ ആദ്യ പങ്കാളിത്തമാണിത്.

റഷ്യയുടെ അധ്യക്ഷതയിൽ ഒക്‌ടോബർ 22 മുതൽ 24 വരെ ചേരുന്ന ഈ വർഷത്തെ ബ്രിക്‌സ് ഉച്ചകോടി കസാൻ എക്സ്പോ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്.

ഈ വർഷത്തെ ബ്രിക്‌സ് ഉച്ചകോടി ‘സമത്വപരമായ ആഗോള വികസനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള ബഹുരാഷ്ട്രവാദത്തെ ശക്തിപ്പെടുത്തൽ’ എന്ന പ്രമേയത്തിലാണ് നടക്കുന്നത്.