കാർ മോഷണം തടയുന്നത് ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികളുമായി റാസ് അൽ ഖൈമ പോലീസ്

GCC News

കാർ മോഷണം തടയുന്നത് ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികൾക്ക് റാസ് അൽ ഖൈമ പോലീസ് തുടക്കമിട്ടു. 2024 നവംബർ 4-നാണ് റാസ് അൽ ഖൈമ പോലീസ് ജനറൽ കമാൻഡ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

കാർ മോഷണം, കാറുകളിൽ നിന്നുള്ള മോഷണം എന്നിവ തടയുന്നത് ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികളാണ് റാസ് അൽ ഖൈമ പോലീസ് നടപ്പിലാക്കുന്നത്. റാസ് അൽ ഖൈമ പോലീസ് ജനറൽ കമാൻഡ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വകുപ്പ് എന്നിവർ സംയുക്തമായാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി വാഹനങ്ങളിൽ മറ്റുള്ളർ കാണുന്ന തരത്തിൽ താക്കോൽ, വിലപിടിച്ച വസ്തുക്കൾ എന്നിവ വെച്ച് കൊണ്ട് പോകരുതെന്നും, വാഹനത്തിന്റെ എൻജിൻ ഓഫ് ചെയ്യാതെ വാഹനം നിർത്തിയിട്ട് പോകരുതെന്നും പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാഹനങ്ങൾ, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ മോഷണം പോകുന്നത് തടയുന്നതിനുള്ള വിവിധ നിർദ്ദേശങ്ങൾ പോലീസ് നൽകിയിട്ടുണ്ട്:

  • വാഹനം നിർത്തിയിട്ട് പോകുന്ന അവസരത്തിൽ വിലപിടിപ്പുള്ള വസ്തുക്കൾ മറ്റുള്ളവർ കാണുന്ന രീതിയിൽ വാഹനത്തിൽ വെച്ച് പോകരുത്.
  • വാഹനത്തിൽ ആളില്ലാത്ത സമയങ്ങളിൽ എൻജിൻ ഓഫ് ചെയ്യാതെ അല്പസമയത്തേക്ക് പോലും വാഹനം നിർത്തിയിട്ട് പോകരുത്.
  • വാഹനത്തിന്റെ താക്കോൽ വാഹനത്തിൽ സൂക്ഷിച്ച് പോകരുത്.
  • വാഹനത്തിന്റെ സ്പെയർ കീ സുരക്ഷിതമായി സൂക്ഷിച്ച് വെക്കേണ്ടതാണ്.
  • വാഹനം നിർത്തിയിട്ട് പോകുന്ന അവസരത്തിൽ വാഹനത്തിന്റെ ഡോർ, ഗ്ളാസ് എന്നിവ അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതും, വാഹനം ലോക്ക് ചെയ്യേണ്ടതുമാണ്.
  • വാഹനം നിർത്തിയിടുന്നതിനായി സുരക്ഷിതമായതും, മറ്റുള്ളവർക്ക് കാണാനാകുന്ന രീതിയിലുള്ളതും, വെളിച്ചമുള്ളതുമായ പാർക്കിംഗ് ഇടങ്ങൾ തിരഞ്ഞെടുക്കുക. കഴിയുന്നതും നിരീക്ഷണ കാമറകളുള്ള പാർക്കിംഗ് ഇടങ്ങൾ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.
  • വാഹനത്തിന്റെ അധികസുരക്ഷയ്ക്കായി അലാം സംവിധാനം ഇൻസ്റ്റാൾ ചെയ്യുന്നത് നല്ലതാണ്.
  • വിദേശത്തേക്ക് യാത്ര ചെയ്യുന്ന അവസരത്തിൽ വാഹനങ്ങൾ മറ്റു കുടുംബാംഗങ്ങളെയോ, സുഹൃത്തുക്കളെയോ ഏൽപ്പിച്ച് പോകേണ്ടതാണ്.

വാഹനം ലോക്ക് ചെയ്യാതെ പോകുക, സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ വാഹനം നിർത്തി പോകുക, അലക്ഷ്യമായും, അശ്രദ്ധമായും വാഹനം നിർത്തിയിട്ട് പോകുക, പ്രാഥമികമായ സുരക്ഷാ നിർദ്ദേശങ്ങൾ അവഗണിച്ച് കൊണ്ട് വാഹനങ്ങൾ നിർത്തിയിട്ട് പോകുക തുടങ്ങിയ ശീലങ്ങൾ മോഷണത്തിന്റെ സാധ്യത വർദ്ധിപ്പിക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.