COP29 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യു എ ഇ രാഷ്ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അസർബൈജാനിലെത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
UAE President arrives in Azerbaijan to participate in COP29 climate conference#WamNews https://t.co/5iIVTbzW27 pic.twitter.com/HdUmjdu6oJ
— WAM English (@WAMNEWS_ENG) November 11, 2024
തലസ്ഥാന നഗരിയായ ബാക്കുവിലെ ഹൈദർ അലിയേവ് ഇന്റർനാഷണൽ എയർപോർട്ടിലെത്തിയ യു എ ഇ രാഷ്ട്രപതിയോടൊപ്പം ഒരു ഔദ്യോഗിക പ്രതിനിധി സംഘവും അസർബൈജാനിലെത്തിയിട്ടുണ്ട്. നവംബർ 11 മുതൽ 22 വരെയാണ് ബാക്കുവിൽ വെച്ച് COP29 കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിക്കുന്നത്.
‘ഹരിതാഭമായ ഒരു ലോകത്തിനായി കൈകോർക്കാം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ് നടത്തുന്നത്. ആഗോള കാലാവസ്ഥാ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു പുതുക്കിയ കാഴ്ചപ്പാട് ഈ ഉച്ചകോടിയിൽ അവതരിപ്പിക്കുന്നതാണ്.
നവംബർ 11-ന് നടന്ന COP29 കാലാവസ്ഥാ ഉച്ചകോടിയുടെ പ്രധാന സെഷനിൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഔദ്യോഗികമായി COP പ്രസിഡൻ്റ് സ്ഥാനം അസർബൈജാന് കൈമാറി. ദുബായിലെ എക്സ്പോ സിറ്റിയിൽ വെച്ചായിരുന്നു 2023-ലെ COP28 സംഘടിപ്പിച്ചിരുന്നത്.
COP29-ലെ യു എ ഇയുടെ പവലിയൻ, സുസ്ഥിരതയിലേക്കും കാലാവസ്ഥാ നിഷ്പക്ഷതയിലേക്കുമുള്ള രാജ്യത്തിൻ്റെ യാത്ര, സുസ്ഥിര വികസനം കൈവരിക്കുന്നതിലെ സുപ്രധാന മുന്നേറ്റങ്ങൾ, സാമ്പത്തിക വളർച്ചയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും ഇടയിൽ സന്തുലിതാവസ്ഥ സ്ഥാപിക്കുന്നതിനുള്ള നൂതന തന്ത്രങ്ങൾ എന്നിവ എടുത്തുകാണിക്കുന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതങ്ങൾ പരിഹരിക്കുന്നതിന് അന്താരാഷ്ട്ര സഹകരണം വളർത്തിയെടുക്കുന്നതിനുള്ള യു എ ഇയുടെ ശ്രമങ്ങളും ഈ പവലിയൻ പ്രദർശിപ്പിക്കുന്നു.
WAM