COP29 വേൾഡ് ലീഡേഴ്‌സ് ക്ലൈമറ്റ് ആക്‌ഷൻ സമ്മിറ്റ് ആരംഭിച്ചു; യു എ ഇ രാഷ്ട്രപതി പങ്കെടുത്തു

GCC News

COP29 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായുള്ള വേൾഡ് ലീഡേഴ്‌സ് ക്ലൈമറ്റ് ആക്‌ഷൻ സമ്മിറ്റ് ആരംഭിച്ചു. അസർബൈജാനിലെ ബാക്കുവിൽ വെച്ചാണ് COP29 കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്.

വിവിധ ലോക നേതാക്കൾ, പ്രതിനിധിസംഘങ്ങൾ, മറ്റു അതിഥികൾ തുടങ്ങിയവർ വേൾഡ് ലീഡേഴ്‌സ് ക്ലൈമറ്റ് ആക്‌ഷൻ സമ്മിറ്റിൽ പങ്കെടുത്തു. അന്തരീക്ഷ മലിനീകരണത്തിനിടയാക്കുന്ന വിവിധ ബഹിർഗമനങ്ങൾ നിയന്ത്രിക്കുന്നതിനും, കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായവണ്ണം ജീവിതരീതികൾ മാറ്റുന്നതിനും ആവശ്യമായ നടപടികളുടെ പ്രാധാന്യം ലോകനേതാക്കളെ ഓർമ്മപ്പെടുത്തുന്നതിന് ഈ ഉച്ചകോടി ലക്ഷ്യമിടുന്നു.

യു എ ഇ രാഷ്ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വേൾഡ് ലീഡേഴ്‌സ് ക്ലൈമറ്റ് ആക്‌ഷൻ സമ്മിറ്റിൽ പങ്കെടുത്തു. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് ആവശ്യമായ കൂട്ടായ പ്രയത്നത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

മുൻവർഷങ്ങളിലെ കാലാവസ്ഥാ ഉച്ചകോടികൾ മുന്നോട്ട് വെച്ചിട്ടുള്ള ലക്ഷ്യങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ നടപ്പിലാക്കുന്നതിന് ലോകസമൂഹത്തോടൊപ്പം ഒത്ത്ചേർന്ന് പ്രവർത്തിക്കുന്നതിന് യു എ ഇ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വേൾഡ് ലീഡേഴ്‌സ് ക്ലൈമറ്റ് ആക്‌ഷൻ സമ്മിറ്റിൽ പങ്കെടുത്ത ശേഷം അദ്ദേഹം അസർബൈജാനിൽ നിന്ന് മടങ്ങി. നവംബർ 11 മുതൽ 22 വരെയാണ് ബാക്കുവിൽ വെച്ച് COP29 കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിക്കുന്നത്.

‘ഹരിതാഭമായ ഒരു ലോകത്തിനായി കൈകോർക്കാം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ് നടത്തുന്നത്. ആഗോള കാലാവസ്ഥാ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു പുതുക്കിയ കാഴ്ചപ്പാട് ഈ ഉച്ചകോടിയിൽ അവതരിപ്പിക്കുന്നതാണ്.