യു എ ഇയിൽ പത്തു ദിവസത്തിനിടെ 13 പുതിയ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു

GCC News

അബുദാബിയിലെ ആരോഗ്യ സേവന ദാതാക്കളായ SEHA-യുടെ മേൽനോട്ടത്തിൽ, പത്തു ദിവസത്തിനിടെ രാജ്യ വ്യാപകമായി 13 പുതിയ മൊബൈൽ COVID-19 പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി അധികൃതർ അറിയിച്ചു. യു എ ഇയിലെ ആദ്യ മൊബൈൽ COVID-19 പരിശോധന കേന്ദ്രം മാർച്ച് 28-നു അബുദാബിയിലെ സയ്ദ് സ്പോർട്സ് സിറ്റിയിൽ ആരംഭിച്ചിരുന്നു. ഇതിനെത്തുടർന്നാണ് യു എ ഇയിലെ COVID-19 പരിശോധനകൾ വേഗത്തിലാക്കുന്നതിനും, വൈറസിന്റെ വ്യാപനം തടയുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് നൽകുന്നതിനുമായി ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദിന്റെ നിർദ്ദേശപ്രകാരം SEHA 13 ഡ്രൈവ്-ത്രൂ കേന്ദ്രങ്ങൾ കൂടി രാജ്യവ്യാപകമായി ആരംഭിച്ചത്.

317-ഓളം ജീവനക്കാരും സന്നദ്ധസേവകരും ചേർന്നാണ് ഇവയുടെ നിർമ്മാണം പൂർത്തിയാക്കിയത്. മെഡിക്കൽ വിദ്ധഗ്ധരും, നേഴ്സ്, സാങ്കേതിക വിദഗ്ദർ എന്നിവരുൾപ്പെടെ ആകെ 630 ജീവനക്കാരുള്ള ഈ കേന്ദ്രങ്ങളിൽ വാഹനങ്ങളിൽ ഇരുന്നു കൊണ്ട് തന്നെ കേവലം 5 മിനിറ്റിൽ പരിശോധനാ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. ഈ കേന്ദ്രങ്ങളിലെല്ലാം ചേർന്ന് ഇതുവരെ 12000-ൽ പരം ആളുകളെ COVID-19 പരിശോധനകൾക്ക് വിധേയരാക്കിയിട്ടുണ്ട്.

പ്രായമായവർ, ഗർഭിണികൾ, മാരകമായ രോഗങ്ങൾ ഉള്ളവർ, COVID-19 ലക്ഷണങ്ങൾ ഉള്ളവർ എന്നിവർക്കാണ് ഇത്തരം ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളിൽ പരിഗണന നൽകുന്നത്.