ദുബായ് കിരീടാവകാശി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

GCC News

ദുബായ് കിരീടാവകാശിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി കൂടിക്കാഴ്ച്ച നടത്തി. 2025 ജനുവരി 29-നായിരുന്നു ഈ കൂടിക്കാഴ്ച.

2025 ഏപ്രിൽ മാസത്തിൽ ഇന്ത്യ സന്ദർശിക്കുന്നതിനുള്ള ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ഒരു ഔദ്യോഗിക ക്ഷണം ഇന്ത്യൻ വിദേശകാര്യ മന്ത്രി ദുബായ് കിരീടാവകാശിയെ ഈ കൂടിക്കാഴ്ചയിൽ അറിയിച്ചു. ഇന്ത്യ സന്ദർശിക്കാനുള്ള ഈ ക്ഷണത്തിൽ ഷെയ്ഖ് ഹംദാൻ സന്തോഷം അറിയിച്ചിട്ടുണ്ട്.

Source: Dubai Media Office.

ഇന്ത്യൻ വിദേശകാര്യ മന്ത്രിയെയും, പ്രതിനിധിസംഘത്തെയും ഷെയ്ഖ് ഹംദാൻ സ്വാഗതം ചെയ്തു. യു എ ഇയും, ഇന്ത്യയും തമ്മിലുള്ള ചരിത്ര ബന്ധങ്ങൾ, ഊഷ്മളമായ സൗഹൃദം എന്നിവ ഊന്നിപ്പറഞ്ഞ അദ്ദേഹം സാമ്പത്തിക, സാംസ്കാരിക, സാമൂഹിക, പുരോഗമന മേഖലകളിൽ ഇരുരാജ്യങ്ങളും പങ്ക് വെക്കുന്ന ശക്തമായ ബന്ധങ്ങളെ പ്രത്യേകം എടുത്ത് കാട്ടി.

യു എ ഇ രാഷ്ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എന്നിവരുടെ നേതൃത്വത്തിൽ യു എ ഇയും, ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങളിൽ കൈവരിച്ചിട്ടുള്ള തുടർച്ചയായിരുള്ള പുരോഗതി അദ്ദേഹം ചൂണ്ടിക്കാട്ടി.

Source: Dubai Media Office.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുവരും അവലോകനം ചെയ്തു. വാണിജ്യ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും, നിക്ഷേപ അവസരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി നിലവിലുള്ള ഇന്ത്യ – യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) പരമാവധി ഉപയോഗപ്പെടുത്തുന്നതിനും, അതിലൂടെ സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും ആവശ്യമായ നടപടികൾ ഇരുവരും ചർച്ച ചെയ്തു.

യു എ ഇ മിനിസ്റ്റർ ഓഫ് ക്യാബിനറ്റ് അഫയേഴ്‌സ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി, അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് അപ്പ്ളിക്കേഷൻസ് വകുപ്പ് സഹമന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഉലമ തുടങ്ങിയവർ ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ യു എ ഇയിലെത്തിയത്.