ഖത്തർ: റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

GCC News

തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. 2025 ഫെബ്രുവരി 27-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഹമദ് മെഡിക്കൽ കോർപറേഷൻ ഹോസ്പിറ്റലുകളിലെ പീഡിയാട്രിക് എമർജൻസി സെന്ററുകൾ ഉൾപ്പടെയുള്ള എമർജൻസി, ഇൻ-പേഷ്യന്റ് സേവനവിഭാഗങ്ങൾ ആഴ്ചയിൽ എല്ലാ ദിവസവും ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്നതാണ്. പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് കീഴിൽ 12 ഹെൽത്ത് സെന്ററുകളിൽ നിന്ന് ആഴ്ചയിൽ എല്ലാ ദിവസവും ഇരുപത്തിനാല് മണിക്കൂറും അടിയന്തിര ആരോഗ്യപരിചരണ സേവനങ്ങൾ ലഭ്യമാക്കുന്നതാണ്.

ഇതിന് പുറമെ മെഡിക്കൽ കമ്മിഷൻ വകുപ്പ്, ബർത്ത് രജിസ്‌ട്രേഷൻ ഓഫീസുകൾ, മെഡിക്കൽ റിലേഷൻസ് ആൻഡ് ട്രീറ്റ്മെന്റ് അബ്രോഡ് വകുപ്പ് തുടങ്ങിയവയുടെ റമദാനിലെ പ്രവർത്തനസമയക്രമവും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മെഡിക്കൽ കമ്മിഷൻ വകുപ്പ്:

രാവിലെ 9 മുതൽ വൈകീട്ട് 5:00 വരെ രോഗികളെ സ്വീകരിക്കുന്നതാണ്.

മെഡിക്കൽ റിലേഷൻസ് ആൻഡ് ട്രീറ്റ്മെന്റ് അബ്രോഡ് വകുപ്പ്:

മുൻ‌കൂർ അനുമതി നേടിയ ശേഷം, രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1 മണിവരെ മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത് ബിൽഡിങ്ങിലെ മെഡിക്കൽ റിലേഷൻസ് ആൻഡ് ട്രീറ്റ്മെന്റ് അബ്രോഡ് വകുപ്പ് സന്ദർശിക്കാവുന്നതാണ്.