വീട് മാലിന്യമുക്തമാക്കാം ഈ COVID-19 കാലത്ത്

Kerala News

കോവിഡ് ജാഗ്രതാക്കാലത്ത് വീടുകൾ മാലിന്യമുക്തമാക്കുന്നതും പിൻതുടരേണ്ട ശുചിത്വ മാർഗ്ഗങ്ങളെക്കുറിച്ചും ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 13 തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിമുതൽ നാലരവരെയാണ് ഫേസ്ബുക്ക് ലൈവ്.

ഉറവിട മാലിന്യ സംസ്‌കരണം, വ്യക്തി ശുചിത്വം, പൊതു ശുചിത്വം, ശുചിത്വം സംബന്ധിച്ച പുതിയ മനോഭാവവും ശീലങ്ങളും തുടങ്ങിയ വിഷയങ്ങളിൽ വിശദമായ സംശയ നിവാരണം ഹരിതകേരളം മിഷനിലെയും ശുചിത്വ മിഷനിലെയും വിദഗ്ധർ നൽകും. facebook.com/harithakeralamission പേജ് സന്ദർശിച്ച് ലൈവ് കാണാനാകും.

ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ.സീമ ശുചിത്വ-മാലിന്യ സംസ്‌കരണ ഉപമിഷനിലെ കൺസൾട്ടന്റ് എൻ. ജഗജീവൻ, ടെക്നിക്കൽ ഓഫീസർ പി.അജയകുമാർ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ അമീർഷ എന്നിവരും ലൈവ് പരിപാടിയിൽ പങ്കെടുക്കും.

കോവിഡ് വ്യാപനത്തെത്തുടർന്ന് വീടുകളിൽ നിന്നുള്ള മാലിന്യശേഖരണം ഭാഗികമായി നിലച്ചിരിക്കുന്ന സാഹചര്യത്തിൽ ഉപയോഗിച്ച മാസ്‌കുകൾ, കൈയ്യുറകൾ, അഴുകുന്ന പാഴ്വസ്തുക്കൾ, പ്ലാസ്റ്റിക്  പോലെ അഴുകാത്ത പാഴ്വസ്തുക്കൾ എന്നിവ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംശയനിവാരണത്തിനുള്ള നിരവധി അന്വേഷണങ്ങൾ ഫോണിലൂടെ ലഭിക്കുന്നുണ്ട്.

ഇതേ തുടർന്നാണ് ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ.സീമ അറിയിച്ചു. കോവിഡിനെത്തുടർന്ന് ഇതര പകർച്ച വ്യാധികൾ ഉണ്ടാകുന്നത് തടയാൻ വീടും പരിസരവും മാലിന്യമുക്തമാക്കണം. ഇതിനുള്ള ബോധവത്കരണം കൂടിയാണ് ഹരിതകേരളം മിഷന്റെ ഫേസ്ബുക്ക് ലൈവ് പരിപാടി.