യു എ ഇയിലെ റെസിഡൻസി വിസകളുടെയും സന്ദർശക വിസകളുടെയും കാലാവധി ഈ വർഷം അവസാനം വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ഏപ്രിൽ 13, തിങ്കളാഴ്ച്ച അറിയിച്ചു. ICA വക്താവ് ബ്രിഗേഡിയർ ജനറൽ ഖമീസ് അൽ കാബി ഇന്ന് വൈകീട്ട് ചേർന്ന വിർച്യുൽ പത്ര സമ്മേളനത്തിലാണ് ഈ വിവരം അറിയിച്ചത്.
മാർച്ച് 1-നു ശേഷം വിസ കാലാവധി തീരുന്ന റെസിഡൻസി വിസകളുടെയും, എൻട്രി പെർമിറ്റുകളുടെയും കാലാവധി ഈ തീരുമാനപ്രകാരം 2020 ഡിസംബർ 31 വരെയാണ് നീട്ടി നൽകുന്നത്. നിലവിൽ യു എ ഇയിൽ ഉള്ള പ്രവാസികൾക്കും, രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്കും ഈ തീരുമാനം ബാധകമായിരിക്കും. കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യു എ ഇയ്ക്ക് പുറത്ത് നിൽക്കേണ്ടി വന്ന റെസിഡൻസി വിസകാർക്ക്, വിസ നടപടികൾ സംബന്ധിച്ച് ആശ്വാസമേകുന്നതാണ് ഈ തീരുമാനം.
നിലവിൽ സന്ദർശക വിസയിൽ എത്തി മാർച്ച് 1 നു ശേഷം വിസ സാധുത അവസാനിച്ച് യു എ ഇയിൽ കുടുങ്ങികിടക്കുന്നവരുടെയും സന്ദർശക വിസകളുടെ കാലാവധി 2020 അവസാനം വരെ നീട്ടിനൽകാൻ തീരുമാനിച്ചതായും ബ്രിഗേഡിയർ ജനറൽ അൽ കാബി അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം മാർച്ച് 1-നു കാലാവധി അവസാനിക്കുന്ന എമിറേറ്റ്സ് ഐഡി കാർഡുകളുടെ കാലാവധിയും ഈ വർഷം അവസാനം വരെ നീട്ടിനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.