രാജ്യത്തെ ഫുഡ് ട്രക്കുകൾ, വഴിയോര മൊബൈൽ ഭക്ഷണകാർട്ടുകൾ മുതലായവയ്ക്ക് പുതിയ നിയമങ്ങൾ ഏർപ്പെടുത്താൻ സൗദി അറേബ്യ തീരുമാനിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ടുള്ള പുതിയ മുനിസിപ്പൽ നിബന്ധനകൾക്ക് സൗദി മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് വകുപ്പ് മന്ത്രി മജീദ് അൽ-ഹോഗൈൽ അംഗീകാരം നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ പുതിയ നിയമങ്ങൾ പ്രകാരം, ഫുഡ് ട്രക്കുകൾ, ഫുഡ് കാർട്ടുകൾ മുതലായവയുടെ പ്രവർത്തനം രാത്രി 12 മണിവരെയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ഇത്തരം ട്രക്കുകളിലും, കാർട്ടുകളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനും നിർദ്ദേശിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തുന്ന മറ്റ് നിബന്ധനകൾ:
- ട്രാഫിക് ലൈറ്റുകൾ, ഇന്റർസെക്ഷനുകൾ, മറ്റു റോഡുകളിലേക്കുള്ള പ്രവേശനകവാടങ്ങൾ, ഗതാഗതതിരക്കേറിയ മേഖലകൾ തുടങ്ങിയ ഇടങ്ങളിൽ ഇത്തരം വാഹനങ്ങൾ അനുവദിക്കുന്നതല്ല.
- പോലീസ്, ട്രാഫിക്, സിവിൽ ഡിഫെൻസ്, ആംബുലൻസ് തുടങ്ങിയ വാഹനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള ഇടങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള പാർക്കിംഗ് ഇടങ്ങൾ, മുനിസിപ്പാലിറ്റി നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ഇടങ്ങൾ എന്നിവിടങ്ങളിൽ ഇത്തരം വാഹനങ്ങൾ അനുവദിക്കുന്നതല്ല.
- മാലിന്യനിക്ഷേപങ്ങൾ, ഗ്യാസ്, പുക തുടങ്ങിയവ ബഹിർഗമിക്കുന്ന ഇടങ്ങൾ, മലിനജലം കെട്ടികിടക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ ഇത്തരം വാഹനങ്ങൾ അനുവദിക്കുന്നതല്ല.
- എമർജൻസി എക്സിറ്റുകൾ, അസംബ്ലി പോയിന്റുകൾ, ഗ്യാസ് സ്റ്റേഷനുകൾ, റെസിഡൻഷ്യൽ മേഖലകൾ എന്നിവിടങ്ങളിൽ ഇത്തരം വാഹനങ്ങൾ അനുവദിക്കുന്നതല്ല.
- ഇത്തരം വാഹനങ്ങളിൽ പുകവലി, ഉച്ചത്തിലുള്ള സ്പീക്കറുകൾ, പുറത്തേക്കുള്ള മൊബൈൽ സ്പീക്കറുകൾ എന്നിവ അനുവദിക്കുന്നതല്ല.
- ഇത്തരം വാഹനങ്ങൾക്ക് പുറത്ത് ഭക്ഷണം പാചകം ചെയ്യുന്നത് അനുവദിക്കുന്നതല്ല.
- ഒരു തരത്തിലുള്ള പുകയില ഉത്പന്നങ്ങളും അനുവദിക്കുന്നതല്ല.
ഇത്തരം വാഹനങ്ങളിൽ ഈ പുതിയ നിബന്ധനകൾ നടപ്പിലാക്കുന്നതിന് 180 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Cover Image: Saudi Press Agency.

