മനുഷ്യവാസവും, സ്വര്യ വിഹാരവും ഭൂമുഖത്ത് സാധ്യമാകുന്നതിന് നാം കാടുകൾ കീറി നാടുണ്ടാക്കി. ഭക്ഷണത്തിനായി വേട്ടയാടിയിരുന്ന മനുഷ്യൻ പതിയെ അവനവന്റെ ആത്മസംതൃപ്തിയ്ക്കും കൊള്ളയ്ക്കും വേണ്ടി വേട്ട തുടർന്നു. കാടുകൾ പലതും കയ്യേറിയും, മലകൾ മാന്തിയെടുത്തും, പാറകൾ പൊട്ടിച്ചെടുത്തും അവന്റെ ഭാഷയിൽ അവൻ ജീവിക്കാൻ തുടങ്ങി. ഒരു കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയുറക്കി താലോലിക്കുന്ന അമ്മയെപ്പോലെ കാണേണ്ട ഭൂമിയെ അവൻ ആവോളം ദ്രോഹിച്ചു. പുഴകളെ മാലിന്യം ഒഴുക്കിക്കളയുവാനുള്ള ഓവുചാലുകളായി കാണാൻ അവൻ ശീലിച്ചു. ഇവിടെ മുൻപൊരു ജലാശയമായിരുന്നു, മണ്ണിട്ട് നികത്തി കായലോരത്തെ കെട്ടിനിർത്തിയ വെള്ളം ആസ്വദിക്കാനുള്ള സൗധങ്ങളുണ്ടാക്കി, എന്ന് അവൻ മേനിയിൽ പറയാൻ ആരംഭിച്ചു.
സംസ്കാരപൂർണ്ണമെന്നു കരുതുന്ന പളപളപ്പാർന്ന പുത്തൻ ജീവിതത്തിൽ ഒരു പ്ലാസ്റ്റിക് കവർ ഇട്ട് അവൻ തുടങ്ങുന്നു, തുടർന്ന് ഒരു മാലിന്യകൂമ്പാരമാകുമ്പോൾ ഖേദംപ്രകടിപ്പിക്കലും, ആക്രോശങ്ങളും, കുറ്റംപറച്ചിലുകളും, പകർച്ചവ്യാധികളും പെരുകുന്നു. അവൻ അറിഞ്ഞു കൊണ്ട് പ്രകൃതിയിലേക്ക് തിരിഞ്ഞുനോക്കാൻ മടികാണിക്കുന്നു. എന്നാലിന്ന്, ജീവിതം ഗൃഹവാസത്തിൽ തളച്ചിടുമ്പോൾ പ്രകൃതി അതിന്റെ കർത്തവ്യം യാതൊരു പിണക്കവും പരിഭവവും ഇല്ലാതെ അടുക്കിപ്പെറുക്കി വയ്ക്കുന്നു. ജലാശയങ്ങൾ പലതിലും മാലിന്യങ്ങൾ കുറഞ്ഞു വരുന്നു, മനുഷ്യനെ പേടിച്ച് ഉൾക്കാടുകളിൽ ഒളിച്ചു താമസിച്ചിരുന്ന മൃഗങ്ങൾ സ്വസ്ഥമായി വാഹനങ്ങളുടെ ഹോൺ അടിയും ബഹളവുമില്ലാതെ വിഹരിക്കുന്നു. മന്ത്രിമാരും, തന്ത്രജ്ഞരും ചർച്ച ചെയ്തിരുന്ന ഡൽഹിയും ഇന്ന് ശുദ്ധവായു ശ്വസിക്കാവുന്ന നഗരമായി മാറിയിരിക്കുന്നു.
ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ട പാഠം വളരെ വലുതാണ്. പ്രകൃതിയുടെ ഒരു ഭാഗമാണ് മനുഷ്യൻ അല്ലാതെ പ്രകൃതി മനുഷ്യന് മുൻപിൽ തുറന്നു വയ്ച്ച ഒരു കമ്പോളം മാത്രമാണെന്ന നമ്മുടെ ധാരണ തിരുത്തേണ്ടതാണ്. കാടുകളിൽ നിന്നും നാടൻ വെച്ചുകാച്ചുകാരും, മരംതീനി യന്ത്രങ്ങളും, മലമാന്തി ചട്ടുകങ്ങളും, പുല്ലുകച്ചവടക്കാരും ഇറങ്ങിക്കൊടുക്കണം; കാടുകൾ ഭൂമിയുടെ ശ്വാസകോശമാണെന്ന തിരിച്ചറിവ് നമ്മളിൽ പലർക്കും വരണം. പ്രളയവും, ഉരുൾപൊട്ടലും കണ്ട് അന്ധാളിച്ച നാം പ്രകൃതിക്ക് രൗദ്രഭാവവുമുണ്ടെന്നു തിരിച്ചറിഞ്ഞതിൽ നിന്നെങ്കിലും നമ്മുടെ പ്രകൃതി വിഭവങ്ങളെ പരിപാലിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണെന്നു തിരിച്ചറിയണം. പണംകൊണ്ട് പോലും ചിലപ്പോൾ നമ്മുടെ ജീവൻ രക്ഷപ്പെടുത്താൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ഈ നാളുകളിലെങ്കിലും വർഷങ്ങളായി ചൂഷകരുടെ വേഷമണിഞ്ഞ മനുഷ്യൻ എന്ന നാം നാളെയ്ക്കുള്ള ശ്വാസം മുടക്കുന്ന പ്രകൃതിചൂഷണത്തിന് വിരാമമിടേണ്ടത് അനിവാര്യമായ ഒന്നാണ്.
വർഷങ്ങൾ തോറും നാം കൊണ്ടാടുന്ന വനമഹോത്സാവം കാണുന്ന മരങ്ങളും കാടുകളും ചിലപ്പോൾ ഇങ്ങിനെ പറയുന്നുണ്ടായിരിക്കും, “നിങ്ങൾ പുതിയതായി കരഘോഷം മുഴക്കി അടക്കം ചെയ്യുന്ന ഈ ചെടികളെക്കാൾ, ഉള്ളത് പരിപാലിക്കാനുള്ള മനസ്സാണ് മനുഷ്യാ നിന്നിൽ വേണ്ടത്” എന്ന്. വര്ഷങ്ങളായി നിലകൊള്ളുന്ന മഹാ വൃക്ഷങ്ങൾ, ആ തണലുകളെ കുറിച്ച് വരും തലമുറയ്ക്ക് പകർന്നു കൊടുക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് നാം ഈ വൈകിയ വേളയിലെങ്കിലും തിരിച്ചറിയണം. അല്ലങ്കിൽ “മരം ഒരു വരം” എന്ന് ഭാവിയിൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ “എന്താണ് മരം?” എന്ന് വരും തലമുറ തിരിച്ചു ചോദിക്കാനുള്ള ഇടവന്നേക്കാം.