2025-ലെ ആദ്യ പകുതിയിൽ 15.8 ദശലക്ഷം പേർ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്‌തു

GCC News

2025-ലെ ആദ്യ പകുതിയിൽ 15.8 ദശലക്ഷത്തിലധികം യാത്രികർ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്‌തതായി അബുദാബി എയർപോർട്സ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

2025 ജൂലൈ 21-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2025 ജനുവരി 1 മുതൽ ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരമാണിത്.

ഈ കാലയളവിൽ എമിറേറ്റിലെ അഞ്ച് വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തവരുടെ എണ്ണം 15.8 ദശലക്ഷത്തിലധികമാണെന്ന് അധികൃതർ വ്യക്തമാക്കി. 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രികരുടെ എണ്ണത്തിൽ 13.1 ശതമാനം വളർച്ചയാണ് എമിറേറ്റിലെ വിമാനത്താവളങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.

2025 ജനുവരി 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ സായിദ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ (AUH) മാത്രം സഞ്ചരിച്ച യാത്രികരുടെ എണ്ണം 15.5 ദശലക്ഷമാണ്. സായിദ് ഇന്റർനാഷണൽ എയർപോർട്ടിലൂടെയുള്ള യാത്രികരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 13.2 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സായിദ് ഇന്റർനാഷണൽ എയർപോർട്ട്, അൽ ഐൻ ഇന്റർനാഷണൽ എയർപോർട്ട്, അൽ ബതീൻ എക്സിക്യൂട്ടീവ് എയർപോർട്ട്, ഡെൽമ ഐലൻഡ് എയർപോർട്ട്, സിർ ബാനി യാസ് ഐലൻഡ് എയർപോർട്ട് എന്നീ വിമാനത്താവളങ്ങളിൽ നിന്ന് 2025-ലെ ആദ്യ പകുതിയിൽ ആകെ 133,533 ഫ്ലൈറ്റുകൾ സർവീസ് നടത്തിയിട്ടുണ്ട്.