മാറുന്ന വായനാശീലം

Editorial
മാറുന്ന വായനാശീലം – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

എഴുത്തുപ്രതലങ്ങൾ കൂടിവരുന്ന ഈ കാലത്ത് ശോഷിച്ചു വരുന്നത് നല്ല വായനാ ശീലങ്ങളാണ്. പണ്ടെല്ലാം മനസ്സിനിഷ്ടപ്പെട്ട ഒരു പുസ്തകം കിട്ടണമെങ്കിൽ നാട്ടിൻപുറ വായനശാലയെയോ, കലാലയ ഗ്രന്ഥശാലകളേയോ ആശ്രയിച്ച നാം ഇന്ന് എണ്ണിയാലൊടുങ്ങാത്ത ഏടുകളുള്ള മൊബൈൽ പുസ്തകങ്ങളെ ആശ്രയിച്ച് പോരുന്നു. എന്തിനെക്കുറിച്ചും ഏകദേശ ധാരണ എന്ന പ്രായോഗിക കാലഘട്ടമായതിനാലാകാം ഒരു വിഷയത്തിലും മുഴുവൻ ഗ്രാഹ്യം വേണമെന്ന ചിന്ത പൊതുവിൽ കുറഞ്ഞു വരുന്നതായി കാണുന്നത്.

വിഷയങ്ങളുടെ അതിപ്രസരവും, കാഴ്ചകളുടെ മായാലോകവും, തുറന്ന വായനയ്ക്കുള്ള പ്രാധാന്യം നന്നേ കുറിച്ചിരിക്കുന്നു. മുൻപ് നമുക്കൊരു പുസ്തകം വായിക്കുമ്പോൾ ആ വരികളിലൂടെ മറ്റൊരു സാങ്കല്പികലോകത്തെത്തി എഴുത്തുകാരൻ ഉദ്ദേശിക്കുന്ന കഥാപ്രാത്രങ്ങളുടെ മാനസിക വ്യഥയും, സന്തോഷവും എല്ലാം അനുഭവിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇന്നത്തെ വായനയിൽ കൂടുതലും വ്യാഖ്യാനത്തിനുള്ള സാധ്യതകൾ ഏറിവരികയാണ്, അതിനുള്ള കാരണവും ഒരുപക്ഷെ തുറന്ന വായനയുടെ കുറവുകൊണ്ട് നമ്മളിൽ രൂപപ്പെടുന്ന അസഹിഷ്ണുതയായിരിക്കാം.

മുൻപൊക്കെ ഒരു പുസ്തകത്തെ നിരൂപണം ചെയ്തിരുന്നത്, ആ പുസ്തകവും അതിലടങ്ങിയ ഉള്ളടക്കത്തിന്റെ സത്തയും ഉൾക്കൊണ്ടുകൊണ്ടായിരുന്നെങ്കിൽ ഇന്നത്തെ ഓൺലൈൻ നിരൂപകർ എഴുത്തുകാരനിലേയ്ക്ക് വിരൽ ചൂണ്ടി, അതിലെ രാഷ്ട്രീയം തുടക്കവും ഒടുക്കവും വായിച്ച് നിരൂപണക്കുറിപ്പുകൾ തയ്യാറാക്കുന്നതിലേയ്ക്ക് മാറിയിരിക്കുന്നു. നല്ല വായനകൾ എന്നാൽ നല്ലത് വായിക്കുക എന്ന് മാത്രമല്ല അർഥം, നല്ല രീതിയിൽ ശരിയായ മാനസിക തയ്യാറെടുപ്പുകളോടെ മുൻവിധികളില്ലാതെ ഒരു എഴുത്തിനെ പരിചയപ്പെടുന്നു എന്ന രീതിയിൽ വിശാലമായി നാം നല്ല വായനയെ കാണേണ്ടതാണ്.

വായന കുറയുന്നതിലൂടെ പുസ്തകങ്ങളുടെ പ്രസക്തിയും കുറഞ്ഞു വരുന്ന ഈ കാലത്ത്, വർദ്ധിച്ച് വരുന്നത് അഭിപ്രായങ്ങളാണ്. ഏതൊരു വ്യക്തിക്കും മുഖവും ശബ്ദവും സമൂഹ മാധ്യമങ്ങളിലുള്ള ഈ കാലത്ത്, തുറന്നവായനയെക്കാൾ വേഗത്തിൽ അഭിപ്രായങ്ങൾ എഴുതിരേഖപ്പെടുത്താൻ തയ്യാറെടുക്കുന്ന നമ്മളിലെ അഭിനവ സാമൂഹ്യ നിരൂപകർ പലപ്പോഴും എഴുതാത്ത പലതും വായിച്ചെടുക്കുന്നു, അഭിപ്രായം രേഖപ്പെടുത്തുന്നു.

പ്രശസ്ത അമേരിക്കൻ എഴുത്തുകാരിയും, പ്രാസംഗികയുമായ ഫ്രാൻ ലെബോവിറ്റ്സ് അഭിപ്രായപ്പെട്ടതുപോലെ “Think before you speak. Read before you think. ” – “നിങ്ങൾ പറയുന്നതിന് മുൻപ് ചിന്തിക്കുകയും, ചിന്തിക്കുന്നതിന് മുൻപ് വായിക്കുകയും വേണം” എന്ന വാചകം ഇന്നത്തെ സ്ഥൂല വായനയെ നോക്കിക്കാണുമ്പോൾ ശരിയെന്നു തോന്നുന്നു. കുറച്ചു അക്ഷരങ്ങൾ നിരത്തി വച്ചതിലൂടെ കണ്ണോടിക്കുകയല്ല, മറിച്ച് വായിക്കുന്ന വരികളിലൂടെ മനസ്സിനെ സഞ്ചരിപ്പിക്കാനായാൽ നല്ല വായനയെ തിരികെകൊണ്ടുവരാനാകും, തീർച്ച.

Leave a Reply

Your email address will not be published. Required fields are marked *