ദുബായ് എയർഷോ ഇന്ന് ആരംഭിക്കും

GCC News

ദുബായ് എയർഷോയുടെ പത്തൊമ്പതാമത് പതിപ്പ് ഇന്ന് (2025 നവംബർ 17, തിങ്കളാഴ്ച) ആരംഭിക്കും. ദുബായ് വേൾഡ് സെന്ററിലെ ദുബായ് എയർഷോ വേദിയിൽ വെച്ചാണ് ഈ വ്യോമപ്രദർശനം സംഘടിപ്പിക്കുന്നത്.

2025 നവംബർ 17 മുതൽ നവംബർ 21 വരെയാണ് പത്തൊമ്പതാമത് ദുബായ് എയർഷോ സംഘടിപ്പിക്കുന്നത്. വ്യോമയാന മേഖലയിൽ ആഗോളതലത്തിൽ തന്നെ പ്രധാനപ്പെട്ട ഒരു എയർഷോ ആണിത്.

ഇത്തവണത്തെ ദുബായ് എയർഷോയിൽ വ്യോമയാന, ബഹിരാകാശ, പ്രതിരോധ മേഖലകളിലെ ആയിരത്തി അഞ്ഞൂറിലധികം കമ്പനികൾ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിൽ 440 കമ്പനികൾ ഇതാദ്യമായാണ് ദുബായ് എയർഷോയിൽ പങ്കെടുക്കുന്നത്.

21 ദേശീയ പവലിയനുകളുള്ള ഇത്തവണത്തെ ദുബായ് എയർഷോയിൽ 115 രാജ്യങ്ങളിൽ നിന്നുള്ള 490 മിലിറ്ററി, സിവിലിയൻ പ്രതിനിധിസംഘങ്ങളെയും, ഏതാണ്ട് 148,000 സന്ദർശകരെയുമാണ് പ്രതീക്ഷിക്കുന്നത്.

ഇത്തവണത്തെ ദുബായ് എയർഷോയിൽ 120 സ്റ്റാർട്ടപ്പുകളും, അമ്പതോളം നിക്ഷേപകരും പങ്കെടുക്കുന്നുണ്ട്. ദുബായ് എയർഷോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്പേസ് പവലിയൻ ഇത്തവണത്തെ പ്രദർശനത്തിലെ പ്രത്യേകതയാണ്.

ഇതിന് പുറമെ പൂർണ്ണമായും വൈദ്യുതയിൽ പ്രവർത്തിക്കുന്ന വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിംഗ് (eVTOL) വിമാനം ഇതാദ്യമായി ദുബായ് എയർഷോയിൽ പ്രദർശിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ‘ദി ഫ്യുച്ചർ ഈസ് ഹിയർ’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ ഈ പ്രദർശനം ഒരുക്കുന്നത്.

സന്ദർശകർക്ക് വ്യോമയാന, ബഹിരാകാശ മേഖലകളിൽ നിന്നുള്ള അതിനൂതന സാങ്കേതികവിദ്യകൾ, പുത്തൻ ആശയങ്ങൾ മുതലായവ അടുത്തറിയുന്നതിന് ദുബായ് എയർഷോ അവസരമൊരുക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200-ഓളം അത്യാധുനിക കൊമേർഷ്യൽ, മിലിറ്ററി വിമാനങ്ങൾ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തുന്നതാണ്.