റമദാൻ: ബഹ്‌റൈനിൽ നിയന്ത്രണങ്ങൾ തുടരും; വാണിജ്യ സ്ഥാപനങ്ങൾ ഏപ്രിൽ 23 മുതൽ രണ്ടാഴ്ച്ചത്തേക്ക് കൂടി അടച്ചിടും

GCC News

കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ റമദാനിലും തുടരാൻ ബഹ്‌റൈൻ തീരുമാനിച്ചു. റമദാൻ ഷോപ്പിംഗുകളുടെ ഭാഗമായി ഏപ്രിൽ 9 മുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്ന ചില്ലറ വില്പന ശാലകളും വാണിജ്യ സ്ഥാപനങ്ങളും ഏപ്രിൽ 23-നു വൈകീട്ട് 7 മണി മുതൽ മെയ് 7 വരെ അടച്ചിടാൻ രാജ്യത്തെ COVID-19 പ്രതിരോധം നയിക്കുന്ന നാഷണൽ ടാസ്ക്ഫോഴ്‌സ് നിർദ്ദേശം നൽകിയിട്ടുണ്ട്. അത്യാവശ്യ വിഭാഗങ്ങളിൽ പെടാത്ത എല്ലാ വാണിജ്യ സേവനങ്ങൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കും.

വാണിജ്യ സ്ഥാപനങ്ങൾക്ക് പുറമെ സിനിമാ ശാലകൾ, വിനോദ കേന്ദ്രങ്ങൾ, ബാർബർ ഷോപ്പുകൾ മുതലായവയും ഈ കാലാവധിയിൽ അടഞ്ഞു തന്നെ തുടരും. റെസ്റ്റോറന്റുകൾക്ക് കർശന ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങളോടെ പാർസൽ സർവീസുകൾ മാത്രമായി പ്രവർത്തിക്കാൻ അനുമതി നൽകും. ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, ഫാർമസികൾ, കണ്ണാട കടകൾ, ബേക്കറികൾ, മാംസശാലകൾ, ബാങ്കുകൾ, പെട്രോൾ സ്റ്റേഷനുകൾ, ആശുപത്രികൾ എന്നിവ തുറന്ന് പ്രവർത്തിക്കും. ഗ്രോസറി ഷോപ്പുകളിലെ ആദ്യ മണിക്കൂർ സേവനം പ്രായമായവർക്കും ഗർഭിണികൾക്കുമായി പരിമിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

ബഹ്‌റൈനിൽ ഇഫ്താർ പരിപാടികൾ കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ചെറു ചടങ്ങുകളാക്കി നടത്താനും, പൊതു ജനങ്ങൾ കൂട്ടമായി ചേരുന്ന പരിപാടികൾ ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂട്ടുന്നതിന് അനുവാദമുണ്ടായിരിക്കില്ല എന്നും, പൊതു ഇടങ്ങളിൽ മാസ്ക് ഉൾപ്പടെയുള്ള സുരക്ഷാ മാർഗങ്ങൾ നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി. റമദാനിൽ പൊതു ഇടങ്ങളിൽ ഭക്ഷ്യവസ്തുക്കളും ഭക്ഷണ കിറ്റുകളും വിതരണം ചെയ്യുന്നതും തടഞ്ഞിട്ടുണ്ട്. ഇഫ്താർ ടെന്റുകളും മറ്റു ആഘോഷങ്ങളും ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

രാജ്യത്ത് വർദ്ധിച്ച് വരുന്ന കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള തീരുമാനം. നിലവിൽ രണ്ടായിരത്തോളം പേർക്കാണ് ബഹ്‌റൈനിൽ COVID-19 സ്ഥിരീകരിച്ചിരിക്കുന്നത്.