കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ ഏർപ്പെടുത്തിയിട്ടുള്ള കർഫ്യു നിയന്ത്രണങ്ങളിൽ ഏപ്രിൽ 26, ഞായറാഴ്ച്ച മുതൽ ഭാഗികമായി ഇളവുകൾ അനുവദിച്ച് കൊണ്ട് സൗദി രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. മക്കയിലും പരിസര പ്രദേശങ്ങളിലും ഒഴികെ രാജ്യത്ത് മുഴുവൻ ഈ ഇളവുകൾ, കർശനമായ സുരക്ഷാ നിർദ്ദേശങ്ങൾക്ക് അനുസൃതമായി, ബാധകമാക്കും.
ഞായറാഴ്ച്ച പുലർച്ചെ നിലവിൽവന്ന ഉത്തരവ് പ്രകാരം, ഏപ്രിൽ 26 മുതൽ മെയ് 13 വരെ, രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് കർഫ്യു നിയന്ത്രണങ്ങളിൽ ഭാഗികമായ ഇളവുകൾ അനുവദിക്കുന്നത്. മക്കയിൽ 24 മണിക്കൂർ ലോക്ക്ഡൌൺ തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ വാണിജ്യ മേഖലയിൽ ഇളവുകൾ അനുവദിക്കുന്നതിനും, നിവാസികൾക്ക് നിയന്ത്രണങ്ങളിൽ പടിപടിയായി ഇളവുകൾ അനുവദിക്കുന്നതിന്റെയും ഭാഗമായി ആരോഗ്യ രംഗത്തെ അധികൃതരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഈ തീരുമാനം.
ഇതിന്റെ ഭാഗമായി ഏപ്രിൽ 29, ബുധനാഴ്ച്ച മുതൽ മെയ് 13 വരെ രണ്ടാഴ്ചത്തേക്ക്, മൊത്തവ്യാപാര സ്ഥാപനങ്ങൾ, ചില്ലറ വില്പന ശാലകൾ, മാളുകൾ ഉൾപ്പടെയുള്ള വിപണന കേന്ദ്രങ്ങൾ മുതലായവയ്ക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. വ്യവസായശാലകൾക്കും ഇതേ കാലയളവിൽ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. സിനിമ ശാലകൾ, വിനോദ കേന്ദ്രങ്ങൾ, റെസ്റ്ററന്റ്റുകൾ, കഫെ, ബാർബർ ഷോപ്പ്, ജിം മുതലായവ പ്രവർത്തിക്കില്ല.
ഇളവുകളുടെ ഭാഗമായി പുനരാരംഭിക്കുന്ന വാണിജ്യ സ്ഥാപനങ്ങളിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധനകൾ കർശനമാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ഉത്തരവിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ ജനങ്ങൾ സമൂഹ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പോലീസിനും നിർദ്ദേശം നൽകി. പൊതു ചടങ്ങുകൾ, പൊതു സ്ഥലങ്ങളിൽ 5 പേരിൽ കൂടുതൽ ഒത്തുചേരുന്നത് മുതലായവ ഒഴിവാക്കണമെന്നും ഉത്തരവിൽ ജനങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട്. നിയമ ലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകും.